ചരിത്രം: MLSൽ തുടർച്ചയായി മികച്ച താരമായി മെസി
മേജർ ലീഗ് സോക്കറിൽ ഈ സീസണിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട് ലിയോണൽ മെസി. തുടർച്ചയായ രണ്ടാം സീസണിലാണ് മെസി പുരസ്കാരം സ്വന്തമാക്കുന്നത്. എംഎൽഎസ് ചരിത്രത്തിൽ തുടർച്ചയായി രണ്ടു തവണ പുരസ്കാരം നേടുന്ന ആദ്യ താരമായി മാറി മെസി. മേജർ ലീഗ് സോക്കർ കിരീടം ഇന്റർമിയാമി സ്വന്തമാക്കിയിരുന്നു. ഈ കപ്പ് നേടിയതോടെ മെസിയുടെ 48-ാം കീരിടനേട്ടമെന്ന ചരിത്രമാണ് പിറന്നത്.
ടൂർണമെന്റിൽ 29 ഗോളുകളുമായി മെസി ടോപ്‌സ്‌കോറർ ആയി. 48 കരിയർ ട്രോഫികൾ നേടിയ 38 കാരനായ ലയണൽ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന ഖ്യാതി കൂടി സ്വന്തമാക്കുകയാണ്. അർജന്റീന ദേശീയ ടീമിനൊപ്പം മെസി ആറ് ട്രോഫികൾ സ്വന്തമാക്കിയപ്പോൾ കുഞ്ഞുനാൾ മുതൽ ദീർഘകാലം കളിച്ച ബാഴ്‌സലോണയ്‌ക്കൊപ്പം 35 കിരീടങ്ങളാണ് ഉയർത്തിയത്.
ബാഴ്‌സ വിട്ടതിന് ശേഷം പാരീസ് സെന്റ് ജെർമെൻ ക്ലബ്ബിനൊപ്പം ഫ്രാൻസിൽ മൂന്ന് ട്രോഫികളടക്കമാണ് 48 എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുന്നത്. ഇന്റർ മിയാമിക്കൊപ്പം ഇതുവരെ നാല് ട്രോഫികളാണ് നേടിയിരിക്കുന്നത്. അന്നും ഇന്നും മെസി ലോകത്തെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മാന്ത്രികനെന്ന പോലെ.