അല്ല ഇതിനൊക്കെ എന്ത് പറയാന്‍..!. പറഞ്ഞു വരുന്നത് നമ്മുടെ കൊച്ചി മെട്രോയുടെ കാര്യമാണ്. കൊട്ടും കുരവയുമായി ഉദ്ഘാടനം കഴിഞ്ഞിട്ട് ദിവസങ്ങളെ ആയിള്ളൂ. പക്ഷെ മലയാളി വ്യാപകമായി പണി തുടങ്ങി.
കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്കായി സേവനം ആരംഭിക്കുമ്പോള്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭ്യര്‍ത്ഥിച്ചത് ഒരേയരു കാര്യമാണ്. കൊച്ചി മെട്രോയെ വൃത്തികേടാക്കാതെ സംരക്ഷിക്കണം. അത് അക്ഷരംപ്രതി ചിലര്‍ അനുസരിച്ചു കൊണ്ടിരിക്കുകയാണ്…തിരിച്ചാണെന്നു മാത്രം.
ആദ്യദിനം തന്നെ ട്രെയിനിന്റെ ഗ്ലാസുകള്‍ക്കിടയില്‍ ടിക്കറ്റുകള്‍ കുത്തിനിറച്ച് മലയാളികള്‍ തനിനിറം കാണിച്ചിരുന്നു. ഇപ്പോഴിതാ, ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിനുകളോടെന്ന പോലെ തന്നെയാണ് മെട്രോ ട്രെയിനുകളോടും തങ്ങളുടെ മനോഭാവമെന്ന് തെളിയിക്കുകയാണ് മെട്രോ ഉപഭോക്താക്കളായ മലയാളികള്‍. മെട്രോ സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിവിധ മാര്‍ഗങ്ങളിലൂടെ എല്ലാവരിലേക്കും എത്തിച്ചെങ്കിലും ഒരു വിഭാഗം ആളുകള്‍ തങ്ങള്‍ മാറാന്‍ തയ്യാറല്ലെന്ന വാശിയിലാണെന്ന പോലെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്.
പാലാരിവട്ടം, പത്തടിപാലം സ്റ്റേഷനുകളിലെ തൂണികളിലാണു മൂര്‍ച്ചയേറിയ വസ്തുക്കള്‍കൊണ്ടു പേരുകള്‍ എഴുതിയിരിക്കുന്നത്. പേപ്പറുകളും മറ്റു മാലിന്യങ്ങളും ഫ്േളാറില്‍ വലിച്ചെറിയുന്നതും പതിവായിരിക്കുകയാണ്. മെട്രോ നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നു ആദ്യ ദിവസം ഉച്ചവരെ 15 പേര്‍ക്കാണു പിഴ ഈടാക്കിയിരുന്നു. ഇതുവരെ 114 പേരില്‍നിന്നു പിഴ ഇടാക്കി. ടിക്കറ്റെടുത്തതിനെക്കാള്‍ കൂടുതല്‍ ദൂരം യാത്ര ചെയ്തവരും, അനുവദിച്ച സമയത്തേക്കാള്‍ കൂടുതല്‍ സ്റ്റേഷനുകളില്‍ ചെലവഴിച്ചവരുമാണു പിഴയടച്ചവരില്‍ കൂടുതലും. മാധ്യമങ്ങളിലൂടെയും അല്ലാതെയും യാത്രക്കാര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മെട്രോ സ്റ്റേഷനുകള്‍ വൃത്തികേടാക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി കെഎംആര്‍എല്‍ അധികൃതരും വ്യക്തമാക്കുന്നു.
കൊച്ചി ലുലു മാളില്‍ രാവിലെ കയറി രാത്രി സെക്കന്റ് ഷോയും കഴിഞ്ഞു എസിയുടെ കുളിരില്‍ നിന്നും ഇറങ്ങുന്ന പോലെയാണ് ചിലര്‍ മെട്രോ സ്റ്റേഷനില്‍ നടക്കുന്നത്. എന്തായാലും സി.സി.ടി.വി നിരീക്ഷിച്ച് ഇത്തരം ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യാനാണ് കെ.എം.ആര്‍.എല്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാം കണ്ടറിയാം എന്നല്ലാതെ എന്ത് പറയാന്‍.