ദത്തുപുത്രൻ, ദത്തുപുത്രി വിശേഷണങ്ങൾ വേണ്ട, മകനും മകളും മതി; സർക്കാർ രേഖകളിൽ മാറ്റം വരുത്താൻ ഹൈക്കോടതി
എറണാകുളം: ദത്തുപുത്രൻ, ദത്തുപുത്രി എന്ന വിശേഷണം സർക്കാർ രേഖകളിൽ വേണ്ടെന്ന് നിർദേശം നൽകി ഹൈക്കോടതി. ദത്തെടുക്കപ്പെട്ട കുട്ടികളെ എല്ലാ അർഥത്തിലും മാതാപിതാക്കളുടെ സ്വന്തം മക്കളായി തന്നെ പരിഗണിക്കണമെന്ന് നിർദേശിച്ച് കേരള ഹൈക്കോടതി. ഔദ്യോഗിക രേഖകളിൽ മകൻ അല്ലെങ്കിൽ മകൾ എന്ന് മാത്രം രേഖപ്പെടുത്തിയാൽ മതിയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഉത്തരവിട്ടു.
ഇ-ഡിസ്ട്രിക്റ്റ് പോർട്ടലിൽ ദത്തുപുത്രൻ, ദത്തുപുത്രി എന്നിങ്ങനെ രേഖപ്പെടുത്താനുള്ള ഓപ്ഷൻ നീക്കം ചെയ്യണം. ഇതുമായി ബന്ധപ്പെട്ട സർക്കാർ മാർഗനിർദേശങ്ങളിലും മാറ്റം വരുത്തണമെന്നും കോടതി നിർദേശിച്ചു.
തൃശൂർ സ്വദേശിയായ യുവതി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. യുവതിയുടെ അമ്മ 2023ൽ മരിച്ചപ്പോൾ നൽകിയ നിയമപരമായ അവകാശ സർട്ടിഫിക്കറ്റിൽ മകൾ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 2024ൽ പിതാവ് മരിച്ചതിനെത്തുടർന്ന് ലഭിച്ച അനന്തരാവകാശ സർട്ടിഫിക്കറ്റിൽ ദത്തുപുത്രി എന്നാണ് രേഖപ്പെടുത്തിയത്. ഇതിനെ ചോദ്യം ചെയ്താണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
ഔദ്യോഗിക രേഖകളിൽ മാത്രം ദത്തുപുത്രി എന്ന വിശേഷണം നൽകുന്നത് അന്തസ്സിനെയും വ്യക്തിത്വത്തെയും ബാധിക്കുന്നുവെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. മറ്റ് തിരിച്ചറിയൽ രേഖകളിലും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിലും മകൾ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.