മലവെള്ളം കുത്തിയൊളിച്ചു വന്നപ്പോഴും അല്‍ബര്‍ട്ട് ഓര്‍ത്തത് അച്ഛന്റെ കാര്‍ നഷ്ടമാകരുതെന്നു; ഷീസിലെ ഉറയ്യ തടാകത്തിലെ മലവെള്ളപാച്ചിലില്‍ കാണാതായ മലയാളി വിദ്യാര്‍ഥിക്കായി തെരച്ചില്‍ തുടരുന്നു

0

ഷീസിലെ ഉറയ്യ തടാകത്തിനടുത്തു  അണക്കെട്ട് പൊട്ടിയുണ്ടായ മലവെള്ളപാച്ചിലില്‍  വ്യാഴാഴ്ച കാണാതായ മലയാളി വിദ്യാര്‍ഥിയ്ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.  റാസൽഖൈമ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി(ബിറ്റ്സ്)യിലെ മലയാളി വിദ്യാർഥി ആൽബർട് ജോയിയെയാണ് കാണാതായത്. ഒഴുക്കില്‍പ്പെട്ട വാഹനം അണക്കെട്ടിനോട് ചേര്‍ന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കൂട്ടുകാര്‍ക്കൊപ്പം തടാകം കാണാന്‍ വന്നപ്പോഴാണ് ഇവര്‍ അപകടത്തില്‍പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെല്ലാവരും രക്ഷപ്പെട്ടു. പിതാവിന്റെ വാഹനം നഷ്ടപ്പെടാതിരിക്കാനാണ് ആല്‍ബര്‍ട്ട് പുറത്തേയ്ക്ക് ചാടാതിരുന്നതെന്ന് കൂട്ടുകാര്‍ പറയുന്നു. അതേസമയം രക്ഷാപ്രവര്‍ത്തകര്‍ക്ക് അല്‍ബര്‍ട്ടിന്റേത് കരുതുന്ന ഷര്‍ട്ട് ലഭിച്ചു.ഒഴുക്കിനിടെ വാഹനത്തിൻ്റെ വാതിൽ തനിയെ തുറന്ന് ആൽബർട്ട് പുറത്തേയ്ക്ക് തെറിച്ചുവീണിരിക്കാനാണ് സാധ്യത. രക്ഷപ്പെടാൻ വേണ്ടി അവൻ പുറത്തേയ്ക്ക് ചാടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

രണ്ട് വാഹനങ്ങളിലായി പത്തോളം വിദ്യാര്‍ഥികളാണ് എത്തിയത്. ഇതില്‍ ഒരു വാഹനം നേരത്തെ മടങ്ങിയെങ്കിലും ആല്‍ബര്‍ട്ട് ഓടിച്ച ഫോര്‍ വീലറിലിരുന്ന് ആറ് കൂട്ടുകാര്‍ കുറേ സമയം തടാകക്കരയില്‍ ചെലവഴിക്കുകയായിരുന്നു. മഴ പെയ്യുമ്പോള്‍ തടാകം നിറയുകയും ആ സൗന്ദര്യം നുകരാന്‍ സ്വദേശികളടക്കം ഒട്ടേറെ പേരെത്തുകയും പതിവാണ്. എന്നാല്‍, ഉറയ്യ തടാകത്തിനടുത്ത് സംഭവ ദിവസം കൂടുതല്‍ ആളുകളുണ്ടായിരുന്നില്ല.ആല്‍ബര്‍ട്ടിന്റെ ജീവന് വേണ്ടി കണ്ണീരോടെ പ്രാര്‍ഥനയിലാണ് കുടുംബവും യുഎഇയിലെ മലയാളികളും.   സംഭവ ദിവസം നാട്ടിലായിരുന്ന ആൽബർട്ടിൻ്റെ പിതാവ് ജോയ് യുഎഇയിൽ തിരിച്ചെത്തിയിട്ടുണ്ട്. മാതാവ് വത്സമ്മ റാസൽഖൈമയിൽ തന്നെയുണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇരുവരെയും ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്.

കിഴക്കന്‍ മേഖലയിലെ പൊലീസിന്റെ റെസ്‌ക്യു യൂണിറ്റും വ്യോമയാന വിഭാഗവുമാണ് തെരച്ചില്‍ നടത്തുന്നത്. റാസല്‍ഖൈമ മലയാളി അസോസിയേഷനിലെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറോളം പേരും തെരച്ചിലില്‍ പങ്കാളികളാണ്.

യുഎഇ-ഒമാന്‍ അതിര്‍ത്തിയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിനോട് ചേര്‍ന്നുള്ള സ്ഥലത്തായിരുന്നു ആല്‍ബര്‍ട്ടിന്റെ ഫോര്‍വീലര്‍ കിടന്നിരുന്നത്. ഇവിടെ നിന്ന് നാലു കിലോ മീറ്റര്‍ ദൂരത്ത് നിന്നാണ് ആല്‍ബര്‍ട്ടിന്റെ ഷര്‍ട്ട് ലഭിച്ചത്. അതേസമയം, അണക്കെട്ടിന്റെ ഒരു ഭാഗം സ്ഥിതി ചെയ്യുന്ന ഒമാന്‍ ഭാഗത്തും തിരച്ചില്‍ നടത്താന്‍ അവിടെ നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍ ഞായറാഴ്ച എത്തുമെന്നാണ് കരുതുന്നത്.