ഇനി സ്വകാര്യതയില്ല; കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ളവ ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍

0

കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ളവ ഇനി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍. 
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ തീരുമാനമെടുത്തത്.
കോളുകളും എസ് എം എസുകളും മാത്രമല്ല മുഴുവന്‍ ഡാറ്റയും നിരീക്ഷിക്കുന്നതിനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി ഒപ്പിട്ട ഉത്തരവ് പ്രകാരം പത്ത് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഡാറ്റ നിരീക്ഷിക്കുന്നതിന് അനുമതിയുണ്ട്.

ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, കാബിനറ്റ് സെക്രട്ടറിയേറ്റ് (ആര്‍ ആന്‍ഡ് എ.ഡബ്ല്യു), ഡയറക്ടര്‍ ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് (ജമ്മു, കാശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, അസം എന്നീ ഏജന്‍സിക്കള്‍ക്കും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും ഈ അധികാരമുണ്ടായിരിക്കും.

ഇതാദ്യമായിട്ടാണ് ഇത്തരം ഒരു നടപടിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ആവശ്യമായ ഡാറ്റ മാത്രമേ പിടിച്ചെടുക്കുന്നതിന് സാധിക്കുമായിരുന്നുള്ളൂ.

പുതിയ ഉത്തരവ് പ്രകാരം വ്യക്തിക്ക് ലഭ്യമാകുന്ന (receiving data) ഫോണിലും കമ്പ്യൂട്ടറിലും സൂക്ഷിച്ചിരിക്കുന്നവയും (stored data) പിടിച്ചെടുക്കുന്നതിന് സാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം ഇത് പൗര സ്വാതന്ത്ര്യം തകരുന്നതിന് കാരണമായി മാറുമെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നു. തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ എല്ലാ പൗരന്മാരെയും നിരീക്ഷിക്കുന്നതിനുള്ള പുതിയ നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.