ന്യൂഡൽഹി: വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത രണ്ടാം എൻഡിഎ സർക്കാരിലെ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. അമിത്ഷായ്ക്ക് ആഭ്യന്തരവും മോദി മന്ത്രിസഭയിലെ രണ്ടാമനായ രാജ്നാഥ് സിംഗിന് പ്രതിരോധവുമാണ് നൽകിയിരിക്കുന്നത്. മോദി സർക്കാരിലെ പുതുമുഖമായ മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് വിദേശകാര്യ മന്ത്രി. മുൻ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പുതിയ മന്ത്രിസഭയിൽ ധനകാര്യം കൈകാര്യം ചെയ്യും.
നിതിൻ ഗഡ്കരി (ഗതാഗതം) പിയൂഷ് ഗോയൽ (റെയിൽവേ), രവിശങ്കർ പ്രസാദ് (നിയമം), രാംവിലാസ് പാസ്വാൻ (ഭക്ഷ്യം, പൊതുവിതരണം), ഹർഷ വർധൻ (ആരോഗ്യം), ധർമ്മേന്ദ്ര പ്രധാൻ (പെട്രോളിയം), സ്മൃതി ഇറാനി (വനിതാ, ശിശു ക്ഷേമം), കിരൺ റിജിജു (കായികം), സദാനന്ദ ഗൗഡ (രാസവളം), രമേഷ് പൊക്രിയാൽ (മാനവവിഭവശേഷി), പ്രകാശ് ജാവദേക്കർ (പരിസ്ഥിതി, വനം) എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ വകുപ്പുകൾ.
പ്രധാനമന്ത്രിയുടെ കീഴിലായിരിക്കും ആണവോർജവും പേഴ്സണൽ വകുപ്പും. അതേസമയം, കേരളത്തിൽനിന്നുള്ള വി. മുരളീധരന് വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളിൽ സഹമന്ത്രി സ്ഥാനമാണ് നൽകിയിരിക്കുന്നത്. ഇതിനിടെ രണ്ടാം മോദി സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയിൽ സാന്പത്തിക പരിഷ്കരണത്തിനായിരിക്കും ഊന്നൽ നൽകുകയെന്നാണ് വിവരം. എല്ലാ ദരിദ്ര കർഷകർക്കും സാന്പത്തിക സഹായം പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.