സത്യപ്രതിജ്ഞ വ്യാഴാഴ്ച: മോദിയും അമിത് ഷായും അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി

0

ന്യൂഡൽഹി: വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതിഭവനിൽ വച്ചായിരിക്കും ചടങ്ങുകൾ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും ശനിയാഴ്ച വൈകിട്ട് തന്നെ ഡൽഹിയിൽ എത്തിച്ചേരാൻ ബിജെപി നിർദേശം നൽകിയിട്ടുണ്ട്. സത്യാപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി 28 ന് വാരാണസി സന്ദർശിക്കും. അൽപ്പം മുൻപ് മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനിയുമായും മുരളീ മനോഹർ ജോഷിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

നിങ്ങളെപ്പോലെയുള്ള മുതിർന്ന നേതാക്കളുടെ പ്രവർത്തനങ്ങളാണ് ബിജെപിയുടെ ഇന്നത്തെ വിജയത്തിനാധാരമെന്ന് മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. ഈ രണ്ട് നേതാക്കളെയും സീറ്റ് നൽകാതെ ഒതുക്കിയെന്ന ആരോപണം നേരത്തേ ശക്തമായിരുന്നു.അദ്വാനിയെ മാറ്റി ഗാന്ധി നഗറിൽ നിന്ന് മത്സരിച്ച അമിത് ഷായ്ക്ക് അഞ്ച് ലക്ഷത്തിൽപ്പരം വോട്ടിന്‍റെ വൻ ഭൂരിപക്ഷമാണ് കിട്ടിയത്. ആറ് തവണ അദ്വാനി ജയിച്ച മണ്ഡലമാണ് ഗാന്ധി നഗർ. കാൻപൂരിലെ സ്ഥാനാർഥിയായിരുന്ന മുരളീ മനോഹർ ജോഷിക്കും ഇത്തവണ സീറ്റ് കിട്ടിയിരുന്നില്ല.