മായാത്ത ഓര്‍മ്മകളില്‍ മോനിഷ; വിടവാങ്ങിയിട്ട് കാല്‍നൂറ്റാണ്ട്

0

മലയാളത്തിന്റെ മുഖശ്രീ മോനിഷ ഉണ്ണി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ച് വര്ഷം. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി വെള്ളിത്തിരയിലേക്ക് കടന്നുവന്ന താരമായിരുന്നു മോനിഷ, മികച്ച നര്‍ത്തകിയെന്നു കൂടി അംഗീകാരം നേടിയ നടിയായിരുന്നു മോനിഷ ഉണ്ണി.

‘നമ്മെ മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ടു ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞ്’ എന്നായിരുന്നു മോനിഷയെ കുറിച്ചു സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ  എം.ടി വാസുദേവന്‍നായര്‍ പോലും പറഞ്ഞത്. പ്രേക്ഷകര്‍ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന നൊമ്പരമാണ് മോനിഷയുടെ വിയോഗം. ഷൂട്ടിങ്ങിന് പോകുന്നതിനിടെ ഉണ്ടായ കാറപകടത്തിലാണ് മോനിഷ ലോകത്തോട് വിടപറഞ്ഞത്.ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് മോനിഷ. 1986 ല്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലൂടെയാണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം മോനിഷയെ തേടിയെത്തിയത്.

ചുരുങ്ങിയ കാലം കൊണ്ട് ചുരുങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടാനും മോനിഷയ്ക്ക് കഴിഞ്ഞു. കോഴിക്കോട് ജില്ലിയിലെ പന്നിയങ്കരയിലാണ് മോനിഷ ഉണ്ണി ജനിച്ചത്. ചെറുപ്പകാലം മുതല്‍ തന്നെ നൃത്തത്തില്‍ അതീവ പ്രാവണ്യം നേടിയ മോനിഷയ്ക്ക് സിനിമയിലേയ്ക്കുള്ള വഴി തുറന്നതും നൃത്തത്തിലൂടെയായിരുന്നു. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ നഖകക്ഷതങ്ങളാണ് മോനിഷയുടെ ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി സിനിമകള്‍ , പെരുന്തച്ചനും കമലദളവും തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ വേഷമിട്ട് മലയാളത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയ താരം ആയിരുന്നു മോനിഷ. മോനിഷ ഇല്ലാതായിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആ വിടര്‍ന്ന കണ്ണുകളും, ഐശ്വര്യം തുളുമ്പുന്ന മുഖവും മലയാളികള്‍ മറന്നിട്ടില്ല..മലയാളത്തിന്റെ നഷ്ടം തന്നെയാണ് മോനിഷ എന്ന് ഇന്നും എല്ലാവരും വിശ്വസിക്കുന്നു.