മലേഷ്യയിൽ മൺസൂൺ മഴ ശക്തമായതോടെ തീരദേശത്തെ ആറായിരം പേരെ മാറ്റിപ്പാർപ്പിച്ചു. ഈ പ്രദേശത്തെ സ്ക്കൂളുകൾക്കും അവധി നൽകിയിരിക്കുകയാണ്. കെലന്തൻ, തെരിഗാനു സംസ്ഥാനങ്ങൾ സിവിൽ ഡിഫൻസ് ഫോഴ്സിന്റെ നിരീക്ഷണത്തിലാണ്. 73 ദുരിതാശ്വാസ ക്യാന്പുകൾ ഇതിനോടകം ഇവിടെ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
ഇവിടങ്ങളിലെ ഏതാണ്ട് 4062 കുടുംബങ്ങളെ പൂർണ്ണമായും മാറ്റി പാർപ്പിച്ചു. മലേഷ്യയുടെ കിഴക്കൻ തീരപ്രദേശത്തെയാണ് സാധാരണയായി മൺസൂൺ കാലവർഷം ശക്തമായി ബാധിക്കുക. 2014ൽ ഏറ്റവും ശക്തമായ വെള്ളപ്പൊക്കമാണ് മലേഷ്യയിൽ അനുഭവപ്പെട്ടത്. രണ്ട് ലക്ഷത്തി അന്പതിനായിരത്തോളം പേരെയാണ് അന്ന് ദുരിതാശ്വാസക്യാന്പിലേക്ക് മാറ്റിയത്. ഈ സംസ്ഥാനങ്ങൾ തന്നെയാണ് അന്ന് ഏറ്റവും കൂടുതൽ കെടുതികൾ അനുഭവിച്ചത്. സമീപ തീരദേശ സംസ്ഥാനങ്ങളായ പെറാക്, ജോഹോർ, സെലാങ്ഹോർ, നെഗ്രി സെംബിലൻ എന്നിവിടങ്ങളിലും അന്ന് കനത്ത നാശനഷ്ടങ്ങളുണ്ടായി.