സ്വന്തം കുഞ്ഞു മരണത്തിനു കീഴടങ്ങുന്നത് കണ്ടു നില്‍ക്കേണ്ടി വരുന്ന ഒരമ്മയുടെ ദയനീയ അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കൂ .കണ്ടു നില്‍ക്കുന്നവര്‍ക്ക് പോലും നെഞ്ചു വിങ്ങുന്ന ആ കാഴ്ചയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജനറൽ ആശുപത്രിയില്‍ നടന്നത് .
ഈ അമ്മയുടെ പേര് മഞ്ജൂ, കൊല്ലം പാരിപള്ളി സ്വദേശിനി ,വിധവ .പേവിഷബാധയേറ്റ മകന്‍ ഇന്ദ്രജിത്തിനെ മരണം കൂട്ടികൊണ്ട് പോകുന്നത് നോക്കിയിരിക്കാനെ ഈ അമ്മയ്ക്ക് ആകുമായിരുന്നുള്ളൂ .അമ്മ കാവലിരുന്നിട്ടും, ഹൃദയം പൊട്ടി കരഞ്ഞു പ്രാര്‍ഥിച്ചിട്ടും മരണം ആ പതിനൊന്നുകാരനെ കൊണ്ട് പോയി .സര്‍ക്കാരിന്റെ കണക്കില്‍ പേവിഷബാധയേറ്റു ഒരു മരണം കൂടി .
സ്വന്തം മകനെ പേവിഷം കീഴടക്കി മരണത്തിലേക്ക് കൊണ്ട് പോകുമ്പോഴും ഈ അമ്മ കൂടെ നിന്ന് .ഒടുവില്‍ അമ്മയെ പോലും തിരിച്ചറിയാന്‍ കഴിയാതെ ആ മകന്‍ അക്രമം കാട്ടിതുടങ്ങിയപ്പോള്‍ ഒടുവില്‍ ആശുപത്രി അധികൃതര്‍ അമ്മയെ സെല്ലിന് പുറത്തേക്ക് ബലമായി കൂട്ടികൊണ്ട് പോകുകയായിരുന്നു .ആദ്യംഎല്ലാം ബോധം ഇടയ്ക്കിടെ തിരികെയെത്തുമ്പോൾ അമ്മനിഴൽ അരികിലില്ലെങ്കിൽ അവൻ അക്രമാസക്തനാകുമായിരുന്നു .എന്നാല്‍ പിന്നെ അവൻ അക്രമസക്തനായി അമ്മയുടെ കഴുത്തിന് കുത്തിപ്പിടിച്ചു .
ഒരു വര്ഷം മുന്‍പാണ് മഞ്ജുവിന്റെ ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചത് .അടച്ചുറപ്പില്ലാത്ത മണ്ണ് കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ ആണ് മഞ്ജുവും മക്കളായ ഇന്ദ്രജിത്തും ,ഇളയസഹോദരൻ ഇന്ദ്രകൃഷ്ണനും കഴിയുന്നത് .മഞ്ജു കശുവണ്ടി ഫാക്ടറിയില്‍ ഇടക്ക് ജോലിക്ക് പോകും .ഇത് മാത്രമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനവും .ഒരു ദിവസം വീട്ടില്‍ കയറിവന്ന ചെറിയ നായ്കുട്ടിയെ മൂത്ത മകന്‍ ഇന്ദ്രജിത്ത് ഒന്ന് ലാളിക്കുക മാത്രമേ ചെയ്തുള്ളൂ .വന്ന പോലെ തന്നെ ആ നായ്കുട്ടി പോയി .പക്ഷെ ദിവസങ്ങൾക്ക് ശേഷം വല്ലാത്ത ശാരീരികാസ്വാസ്ഥ്യം തോന്നിയ മകനെ പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി. കുടിക്കാൻ വെള്ളം കൊടുത്തപ്പോൾ എറിഞ്ഞുകളഞ്ഞു. വെള്ളത്തിൽ പട്ടി നിൽക്കുന്നുവെന്ന് വെപ്രാളപ്പെടാൻ തുടങ്ങിയതോടെ മഞ്ജുവും ബന്ധുക്കളും ഭയന്നു .ഒടുവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അവിടുന്നാണ് ജനറൽ ആശുപത്രിയിലെത്തിയത്.
തലച്ചോറിൽ വിഷം ബാധിച്ചതിനാൽ ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പേപ്പട്ടി കാട്ടുന്നതുപോലെ അക്രമഭാവത്തിലേക്ക് ഇനി തെന്നിവീഴുമെന്ന ഡോക്ടർമാരുടെ ഉപദേശം കൂടിയായതോടെ ആ അമ്മമനസ് തകർന്നടിഞ്ഞു. സെല്ലിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന മകന് മുന്നിൽ ആ അമ്മ വെന്തുരുകി നിന്നു.ഒടുവില്‍ എല്ലാ പ്രതീക്ഷകളും ബാക്കി വെച്ചു ഇന്ദ്രജിത്ത് എപ്പോഴോ യാത്രയായി .അപ്പോഴും മകനു വേണ്ടി കൂപ്പുകൈകളോടെ ആ അമ്മ സെല്ലിന് പുറത്തു ഇരിപ്പുണ്ടായിരുന്നു .