ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്
ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെന്നൈയിലെ പ്രമുഖ ആഡംബര ഹോട്ടലായ ഐടിസി ഗ്രാൻഡ് ചോള പ്രത്യേക 'ട്രിബ്യൂട്ട് സ്യൂട്ട്' ഒരുക്കി. 2007ലെ ടി20, 2011ലെ ഏകദിന ലോകകപ്പ്, ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം അഞ്ച് ഐപിഎൽ കിരീടങ്ങൾ എന്നിവയെല്ലാം നേടിയെടുത്ത ധോണിയുടെ പ്രശസ്തമായ ജേഴ്‌സി നമ്പറിനെ അനുസ്മരിപ്പിച്ച് 'റൂം നമ്പർ 7' എന്നാണ് ഈ ആഡംബര മുറിക്ക് പേരിട്ടിരിക്കുന്നത്.
ധോണിയുടെ ക്രിക്കറ്റ് യാത്രയിലെ നിർണായക അധ്യായങ്ങൾ അടുത്തറിയാൻ അതിഥികൾക്ക് അവസരം നൽകുന്ന അപൂർവ കലാവസ്തുക്കളുടെയും സ്മരണികകളുടെയും ഒരു ശേഖരവും ഇന്ത്യൻ കലാരൂപങ്ങളും മുറിയിലൊരുക്കിയിട്ടുണ്ട്. ഗ്ലൗസ്, ജേഴ്‌സി, ഐപിഎൽ ട്രോഫി എന്നിവ ഉൾപ്പെടുന്ന പ്രത്യേക തീം ഡിസ്‌പ്ലേയും സ്യൂട്ടിലുണ്ട്.
ധോണിയുടെ ഇഷ്ടവിഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഐടിസിയിലെ ഷെഫുമാർ ഒരുക്കുന്ന പ്രത്യക ഭക്ഷണങ്ങളും ഈ മുറിയിലെത്തുന്ന താമസക്കാരായ ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്.
7-ാം നമ്പർ ആലേഖനം ചെയ്ത റോബുകൾ, ടവലുകൾ, കുഷനുകൾ എന്നിവയും, മുഴുവൻ സമയ ബട്‌ലർ സേവനവും, പ്രഭാതഭക്ഷണവും മുറിയിലെ പ്രത്യേക സൗകര്യങ്ങളുടെ ഭാഗമാണ്. നിലവിൽ ഐടിസി ക്ലബ് അംഗങ്ങൾക്ക് മാത്രമാണ് ഈ സ്യൂട്ട് ബുക്ക് ചെയ്യാൻ സാധിക്കുക.