
2026 അവസാനത്തോടെ ചൊവ്വ ദൗത്യം നടക്കുമെന്ന് പ്രഖ്യാപിച്ച് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. ടെസലയുടെ ഒപ്റ്റിമസ് റോബോട്ടും സ്റ്റാർ ഷിപ്പ് എന്ന ബഹിരാകാശ വാഹനത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലാൻഡിങ് വിജയകരമായാൽ 2029-ൽ മനുഷ്യരെ ചൊവ്വയിൽ ഇറക്കാനായേക്കുമെന്നും മസ്ക് അറിയിച്ചു.
അടുത്ത വർഷം അവസാനം ഒപ്റ്റിമസിനേയും വഹിച്ചുകൊണ്ട് സ്റ്റാർഷിപ്പ് ചൊവ്വയിലേക്ക് പുറപ്പെടും. ഈ ലാൻഡിങ് വിജയകരമായാൽ 2029-ൽതന്നെ മനുഷ്യ ലാൻഡിങ് ആരംഭിച്ചേക്കാം. എന്നാൽ 2031-ൽ ആണ് ഇതിന് കൂടുതൽ സാധ്യത മസ്ക് എക്സിൽ കുറിച്ചു. 2002 മാർച്ച് 14-ന് സ്ഥാപിതമായ സ്പേസ് എക്സിന്റെ 23-ാം വാർഷികത്തിലാണ് മസ്കിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.
ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ വാഹനമാണ് സ്പേസ് എക്സ് വികസിപ്പിച്ച സ്റ്റാർഷിപ്പ്. പര്യവേക്ഷണ ദൗത്യങ്ങൾ ക്കായി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരും അവർക്കാവശ്യമായ സാധനസാമഗ്രികളും അടക്കം വലിയ ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് ഈ ബഹിരാകാശ റോക്കറ്റ്. പൂർണ്ണമായും പുനരുപയോഗിക്കാവുന്ന സംവിധാനമാണ് ഇത്.
അതേസമയം, സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ അവസാനത്തെ പരീക്ഷണ വിക്ഷേപണം പരാജയമായിരുന്നു. മാർച്ച് ഏഴിനായിരുന്നു എട്ടാമത്തെ ഈ വിക്ഷേപണം. വിക്ഷേപിച്ച് മിനിറ്റുകൾക്കകം സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിക്കുകയും അവശിഷ്ടങ്ങൾ ഭൂമിയിലേക്ക് വീഴുകയും ചെയ്തു. ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചിരുന്നു.