തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ ഏഴുവയസ്സുക്കാരന്റെ പിതാവിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പോലീസിന് പരാതിനൽകി. കേരളത്തിലെ ഒരു പ്രമുഖ പത്രമാണ് പരാതി നൽകിയ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മേയില്‍ ആയിരുന്നു കുട്ടികളുടെ പിതാവ് മരിക്കുന്നത്. ഹൃദയാഘതമായിരുന്നു മരണകാരണം എന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. സ്വാഭാവിക മരണമാണെന്ന ധാരണയില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ഇപ്പോഴത്തെ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ആ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്.
കുട്ടിയെ ആക്രമിച്ച പ്രതി അരുണ്‍ അരവിന്ദ് ഇദ്ദേഹത്തിന്റെ ബന്ധുവാണ്. പണം കടം കൊടുത്തത് തിരികെ തരാത്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കാരണം അരുണിനെ തങ്ങളുടെ വീട്ടിലേക്ക് വരുന്നതില്‍ നിന്നും കുട്ടികളുടെ പിതാവ് വിലക്കിയിട്ടുണ്ടായിരുന്നു.
കുട്ടികളുടെ പിതാവിന്റെ അപ്രതീക്ഷിത മരണത്തിനു തൊട്ടുപിന്നാലെ തന്നെ അരുണ്‍ ആ വീട്ടിലേക്ക് എത്തിയിരുന്നു. പിന്നീട് യുവതിയുമായി ചേര്‍ന്നു ജീവിക്കുകയായിരുന്നു. വളരെ പെട്ടെന്ന് ഇത്തരം കാര്യങ്ങള്‍ നടന്നതിലാണ് ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്.
ഒന്നിച്ചു താമസമാക്കിയപ്പോൾ യുവതിയുടെ കൂടെ കുട്ടികൾ ഉള്ളത് അരുണിനെ കൂടുതൽ പ്രകോപിതനാക്കി. കുട്ടികളെ അനാഥാലയത്തിലോ ബോര്‍ഡിംഗിലോ കൊണ്ടുപോയി ആക്കാമെന്നായിരുന്നു അയാളുടെ തീരുമാനം.കുട്ടികളെ എന്നും ഉപദ്രവിക്കുമായിരുന്നു. ഏഴു വയസുകാരനെയായിരുന്നു അരുണ്‍ കൂടുതല്‍ ഉപദ്രവിച്ചിരുന്നത്. ഇരുമ്പ് പിടിയുള്ള ഒരു വടി ഉപയോഗിച്ചായിരുന്നു അടി.
ബാങ്ക് ജീവനക്കാരായ മതാപിതാക്കളുടെ മകനാണ് അരുണ്‍. തിരിവനന്തപുരം നന്ദന്‍കോട് സ്വദേശിയായ അരുൺ അച്ഛന്റെ മരണശേഷം ലഭിച്ച ബാങ്ക് ജോലി ഉപേക്ഷിച്ച ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്കാണ് ഇറങ്ങിയത്. മണല്‍ക്കള്ളക്കടത്ത്, ലഹരി മരുന്ന് ഇടപാടുകളൊക്കെയായിരുന്നു ചെയ്തിരുന്നത്. ജില്ലയിലെ കുപ്രസിദ്ധ ഗൂണ്ടകളുമായി സൗഹൃദത്തിലുമായിരുന്നു. ബ്രൗണ്‍ ഷുഗര്‍ അടക്കമുള്ള മയക്കുമരുന്നുകളുടെയും മദ്യത്തിന്റെയും അടിമയായിരുന്നു അരുണ്‍.