ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട കൊടുങ്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നിങ്ങുന്നതായി കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച്ചയോടെ കൊടുങ്കാറ്റ് തമിഴ്‌നാട് തീരത്തെത്തും. കൊടുങ്കാറ്റിന് മുന്നോടിയായി അടുത്ത 48 മണിക്കൂറിനുള്ളില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള തീരങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ചെന്നൈയ്ക്ക് തെക്കുകിഴക്ക് 770 കിലോമീറ്റര്‍ അകലെ രൂപം കൊണ്ട കൊടുങ്കാറ്റ് മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയിലാണ് തീരത്തേക്ക് അടുക്കുന്നത്. കൊടുങ്കാറ്റ് ഇനിയും ശക്തി പ്രാപിക്കും.
പുതുച്ചേരിക്ക് 770 കിലോമീറ്റര്‍ കിഴക്കും ശ്രീലങ്കയിലെ ട്രിന്‍കോമലിക്ക് 490 കിലോമീറ്റര്‍ തെക്കുകിഴക്കുമായാണ് കാറ്റ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നു രാവിലെതന്നെ മഴ ശക്തമായി പെയ്യാന്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ട് ഉണ്ട് .
കൊടുങ്കാറ്റ് മുന്നറിയിപ്പിന്റെ പേരില്‍ പരിഭ്രാന്തരാകേണ്ടെന്ന് ചെന്നൈ നിവാസികളോട് കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞു.2015 ഡിസംബറില്‍ ചെന്നൈയില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇന്നേവരെ ഉണ്ടായതില്‍ ഏറ്റവും വലിയ പ്രളയക്കെടുതിയ്ക്കാണ് അന്ന് നഗരം സാക്ഷ്യം വഹിച്ചത്. 35 സെന്റീമീറ്റര്‍ രേഖപ്പെടുത്തിയ അന്നത്തെ മഴയില്‍ നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി.