മാസ് എൻട്രിയും റീ എൻട്രിയുമെല്ലാം ഇത്രയും കാലം നടന്മാർക്ക് മാത്രം സ്വന്തമായിരുന്നു. എന്നാൽ ഏതാണ്ട് 20 കിലോ ശരീരഭാരം കുറച്ച് ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് നമിത മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷം പുലിമുരുകനിലൂടെ തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ വാരം റിലീസ് ചെയ്ത പുലിമുരുകൻ മലയാളത്തിൽ ഇതു വരെയുള്ള കളക്ഷൻ റെക്കോർഡുകൾ മറികടന്ന് മുന്നേറുമ്പോൾ തന്റെ റീ എൻട്രി ലക്ഷ്യം കണ്ട ആവേശത്തിലാണ് നമിത.
പുലിമുരുകനെക്കുറിച്ച്…
ഒരു റീ എൻട്രിക്കു വേണ്ടി കഴിഞ്ഞ വർഷം കേട്ട കഥകളുടെ കൂട്ടത്തിൽ പുലിമുരുകനും ഉണ്ടായിരുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ ഇതു വരെ പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവുമധികം അഡ്വഞ്ചർ നിറഞ്ഞ കഥയായിരുന്നു അത്. പക്ഷേ ഇത്രയും അഡ്വഞ്ചർ എങ്ങനെ ചിത്രീകരിക്കും എന്ന ആശങ്കയും എനിക്ക് ഉണ്ടായിരുന്നു. ചിത്രത്തിൽ എന്റെ കഥാപാത്രത്തിന്റെ പേര് ജൂലി. പുലി മുരുകനെ പ്രണയിക്കുന്ന കഥാപാത്രം. ഒരു സൂപ്പർ സ്റ്റാറിനോടൊപ്പം ഉടനീളം അഭിനയിക്കാൻ ലഭിക്കുന്ന അവസരം ചെറുതല്ലല്ലോ. ഉടനേ സമ്മതിക്കുകയും ചെയ്തു. മലയാള ചിത്രങ്ങൾ പൊതുവിൽ കുറഞ്ഞ ബജറ്റിൽ ചിത്രീകരിക്കുന്നവയാണ് എന്നൊരു ധാരണ ഉണ്ട്. എന്നാൽ ഈ ചിത്രം ഏതാണ്ട് 25 കോടിയിലാണ് പൂർത്തിയാക്കിയത്. ബജറ്റും നായകനുമൊന്നും എന്നെ ബാധിക്കാറില്ലെങ്കിലും ഇത്തരത്തിൽ ഒരു അവസരം ലഭിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു.
മോഹൻലാലിനോടൊപ്പം അഭിനയിച്ചത്….
അദ്ദേഹം സൂപ്പർസ്റ്റാർ ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. പക്ഷേ അദ്ദേഹത്തിന് ഇന്റലക്ച്വൽ എന്നൊരു മുഖം കൂടി ഉണ്ട്. പുലി മുരുകൻ എന്ന കഥാപാത്രത്തിൽ മോഹൻലാലിനെ അല്ലാതെ മറ്റാരേയും നമുക്ക് സങ്കൽപിക്കാൻ പോലും കഴിയില്ല. അത്രയും തന്നെ കഥാപാത്രമായി അദ്ദേഹം മാറിയിട്ടുണ്ട്. ചിത്രീകരണ സമയത്ത് അദ്ദേഹത്തോടൊപ്പം ഒരു സെൽഫി എടുക്കണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ “അതിനെന്താ, എടുത്തോളൂ” എന്ന് അദ്ദേഹം പറഞ്ഞു. ആ ഫോട്ടോ ഇത്രയധികം വൈറലാകുമെന്ന് ഞാൻ കരുതിയില്ല.
മൃഗസ്‌നേഹിയായ താങ്കൾ എങ്ങനെ ഈ ചിത്രം തെരഞ്ഞെടുത്തു?
വളർത്തു മൃഗങ്ങളിൽ നായ്ക്കുട്ടികളെയാണ് എനിക്കിഷ്ടം. വീട്ടിൽ മൂന്നെണ്ണം ഉണ്ട്. എന്റെ മക്കളെപ്പോലെയാണ് ഞാൻ അവയെ നോക്കുന്നത്. ചിത്രത്തിന്റെ കഥ കേട്ടപ്പോൾ വേട്ടക്കഥ പോലെ ആദ്യം തോന്നിയെങ്കിലും വനം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഒരു ബോധവൽക്കരണം കൂടി ചിത്രം നൽകുന്നുണ്ടെന്ന് ബോധ്യപ്പെട്ടു.
രാഷ്ട്രീയവും സിനിമയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുന്നു?
അതിലെന്ത് ബുദ്ധിമുട്ട്? രണ്ടും വ്യത്യസ്തമായ മേഖലകൾ അല്ലേ? ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉടലെടുത്തപ്പോഴാണ് ജനനന്മ മാത്രം ലക്ഷ്യമിടുന്ന എ ഐ എ ഡി എം കെയിൽ ചേർന്നത്. അതും സിനിമയുമായി യാതൊരു ബന്ധവും ഇല്ല. ഇപ്പോൾ ഭരതിനോടൊപ്പമുള്ള ‘പൊട്ട്’ ഏതാണ്ട് ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. ഇനി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും ഇതു പോലൊരു തിരിച്ചുവരവ് നടത്തണം.
മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച്…
ഇതിനു മുമ്പും പ്രതിസന്ധികൾ പലതും അനായാസം തരണം ചെയ്തിട്ടുണ്ട് അമ്മ. ദൈവാനുഗ്രഹം അമ്മയോടൊപ്പം എന്നും ഉണ്ട്. കോടിക്കണക്കിനു ജനങ്ങളാണ് അമ്മയുടെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നത്. അമ്മ തിരിച്ചെത്തുക തന്നെ ചെയ്യും.