ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടുന്നതിനു മുന്നേ തന്നെ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി പോരാടിയ ഒരുപാട് ഭരണാധികാരികളും പോരാളികളുമൊക്കെ നമുക്കുണ്ട്. അക്കൂട്ടത്തിലെ ആദ്യ പേരുകളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ളത് തിരുനെൽവേലിയിൽ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്ത മാവീരൻ അലഗമുത്തും, പുലി തേവരുമൊക്കെയാണ്. ഇവർക്കൊക്കെ ശേഷം ഒന്നാം സ്വാതന്ത്ര്യ സമരത്തെ കൊടുമ്പിരി കൊള്ളിക്കാൻ പാകത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് രാജ്യത്തിൻറെ നാനാ ദിക്കിലേക്ക് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ആവേശം എത്തിച്ചതിൽ ഒന്നാമനായി കാണാവുന്ന ആളാണ് നരസിംഹ റെഡ്ഢി.
ഉയ്യാലവാഡയിലെ സിംഹത്തിന്റെ കഥ എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. അത്രക്കും ശൗര്യമുള്ള ഒരു പോരാളിയായിരുന്നു സൈറാ നരസിംഹ റെഡ്ഢി. ആ പോരാളിയുടെ ത്യാഗോജ്ജ്വലമായ ജീവിതത്തിനു നൽകുന്ന ബഹുമാനവും സമർപ്പണവുമായി കാണേണ്ട സിനിമയാണിത്.
ബാഹുബലിക്ക് ശേഷം തെന്നിന്ത്യയിൽ നിന്ന് വന്ന ബിഗ് ബജറ്റ് സിനിമകൾ നോക്കിയാൽ നരസിംഹ റെഡ്ഢിക്ക് തലയെടുപ്പുണ്ട്. കൂടുതൽ വളച്ചൊടിക്കാതെ ഉള്ള കാര്യങ്ങളെ ഒരേ സമയം സിനിമാറ്റിക്ക് ആയും ചരിത്രത്തോട് നീതി പുലർത്തിയും അവതരിപ്പിക്കാൻ സാധിച്ചു എന്നത് തന്നെയാണ് അതിന്റെ കാരണം.
വിഘടിച്ചു നിന്നിരുന്ന നാട്ടു രാജ്യങ്ങളേയും അവിടത്തെ നാട്ടു രാജാക്കന്മാരുടെ പരസ്പ്പര വൈര്യവുമൊക്കെ മുതലെടുത്തിട്ടുള്ള ബ്രിട്ടീഷുകാർക്ക് മുന്നിൽ ശക്തമായ ഒരു ചെറുത്തു നിൽപ്പിന് ആഹ്വാനം ചെയ്യുന്ന നരസിംഹ റെഡ്ഢിയുടെ അലർച്ച സ്‌ക്രീനിൽ നിന്ന് പ്രേക്ഷകനിലേക്ക് എത്തുന്നത് തൊട്ടാണ് സ്വാതന്ത്ര്യ സമര പോരാട്ടം പോലെ സിനിമ ഒരു ആവേശമായി മാറുന്നത്.
രാജാക്കന്മാരും രാജാക്കന്മാരും തമ്മിലാണ് യുദ്ധം അതിൽ പ്രജകൾക്ക് സ്ഥാനമില്ല എന്ന കാഴ്ചപ്പാടിൽ നിന്ന് മാറി ഭരണാധികാരികൾ ജനവിരുദ്ധരായാൽ യുദ്ധം ചെയ്യേണ്ടത് രാജാക്കന്മാരല്ല ജനങ്ങൾ തന്നെയാണ് എന്നും അങ്ങിനെ പോരാടി നേടുന്ന രാജ്യം രാജാവിന്റെയല്ല പ്രജകളുടേതാണ് എന്ന് നരസിംഹ റെഡ്ഢി സിനിമയിലൂടെ പറഞ്ഞു വെക്കുമ്പോൾ സിനിമക്ക് പുറത്ത് അത് ചിരഞ്ജീവിയുടെ പഴയ രാഷ്ട്രീയ പാർട്ടി പ്രജാരാജ്യത്തിനെ ഓർമ്മപ്പെടുത്തുന്നു.
ചിരഞ്ജീവിയുടെയൊക്കെ സ്‌ക്രീൻ പ്രസൻസ് അപാരമായിരുന്നു. അതിഥി താരമായി വന്നവർക്കു പോലും സിനിമയിൽ വ്യക്തമായ സ്‌പേസ് ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. അമിതാഭ് ബച്ചന്റെ ഗുരു ഗോസായിയും അനുഷ്‌കയുടെ ഝാൻസി റാണിയുമൊക്കെ അപ്രകാരം വേറിട്ട് നിന്നപ്പോൾ സഹതാരങ്ങളായി വന്നവർ നരസിംഹ റെഡ്ഢിക്കൊപ്പം തന്നെ ശക്തമായ കഥാപാത്രങ്ങളായി നില കൊണ്ടു.
അവുക്കു രാജു എന്ന കഥാപാത്രത്തെ അണ്ടർ പ്ലേയിലൂടെ മികച്ചതാക്കാൻ സുദീപിനു സാധിച്ചു. വിജയ് സേതുപതിയുടെ രാജാ പാണ്ടി യുദ്ധ സീനുകളിലെ തമിഴന്റെ പോരാട്ട സാന്നിദ്ധ്യം മാത്രമായിരുന്നില്ല മറിച്ച് നരസിംഹ റെഡ്ഢിക്കൊപ്പം നമ്മളെല്ലാം ഒന്നെന്നു പറഞ്ഞു നിലകൊള്ളുന്ന ഒരാവേശമായി അനുഭവപ്പെടുന്നു. ജഗപതി ബാബുവിന്റെ വീരാ റെഡ്ഢി ഒരു ഘട്ടത്തിൽ കട്ടപ്പയുടെ നിഴലായി മാറുമോ എന്ന് ഭയപ്പെട്ടെങ്കിലും അതുണ്ടായില്ല. വൈകാരിക രംഗങ്ങളെല്ലാം ജഗപതി ബാബു അനായാസേന കൈകാര്യം ചെയ്തു.
സാധാരണ ഇത്തരം സിനിമകളിൽ കാണാൻ കിട്ടുന്ന ബ്രിട്ടീഷ് വില്ലന്മാരെക്കാളൊക്കെ മികച്ച പ്രകടനമായിരുന്നു ഈ സിനിമയിൽ വന്നു പോകുന്ന ബ്രിട്ടീഷ് കഥാപാത്രങ്ങൾ അവതരിപ്പിച്ച നടന്മാരുടെത്. അത് പറയാതെ വയ്യ. പേരറിയാത്ത ആ നടന്മാരുടെ കൂടി പങ്കുണ്ട് ഈ സിനിമയുടെ വിജയത്തിൽ.
നയൻ താരക്കും തമന്നക്കും രണ്ടു വിധത്തിൽ അവരവരുടെ നായികാ റോളുകൾ ഏറെക്കുറെ ഭംഗിയാക്കാൻ സാധിച്ചെങ്കിലും അവസാനമെത്തുമ്പോൾ ഓർത്തു പോകുക തമന്നയെ തന്നെയാണ്. അത് വരേക്കും പോരായ്മകൾ തോന്നിച്ച പ്രകടനത്തിന് ഒടുക്കം വച്ച് തമന്ന ഡാൻസ് കൊണ്ട് നയൻ താരയെക്കാൾ സ്‌കോർ ചെയ്തു പോകുന്നുണ്ട്. ലക്ഷ്മി ഗോപാല സ്വാമിയുടെ അമ്മ വേഷം ക്ലൈമാക്സ് സീനുകളിലെ പ്രകടനം കൊണ്ട് സിനിമക്ക് നല്ല പിന്തുണ കൊടുക്കുന്നു.
രത്നവേലുവിന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ട മറ്റൊരു മികവാണ്. പഴശ്ശിരാജയും പദ്മാവതും ബാഹുബലിയും കേസരിയുമടക്കമുള്ള പല സിനിമകളിലെ സീനുകളും ഓർത്തു പോകുമെങ്കിലും ആ സിനിമകളോടൊന്നും ഒരു തരത്തിലും സാമ്യത പുലർത്തുന്നില്ല നരസിംഹ റെഡ്ഢി. സമാന കഥാപാശ്ചാത്തലങ്ങളും മറ്റും കൈകാര്യം ചെയ്ത മുൻകാല സിനിമകളിൽ പലയിടത്തും കണ്ട സീനുകൾ ഈ സിനിമയിലും അനിവാര്യമായി വന്നു എന്നത് കൊണ്ട് മാത്രം ഉണ്ടായ ചില ബാധ്യതകൾ ആണ് അതെല്ലാം. എങ്കിൽ പോലും പോരായ്മ അനുഭവപ്പെടാത്ത വിധം അതെല്ലാം മേക്കിങ് മികവ് കൊണ്ട് കവർ ചെയ്തു പോകുന്നു.
നരസിംഹ റെഡ്ഢിക്ക് മരണമില്ല. ഉണ്ടെങ്കിൽ തന്നെ ആ മരണം ഭാരത മാതാവെന്ന ഒറ്റ രാജ്യ സങ്കൽപ്പത്തിന്റെ ജനനമായി ആഘോഷിക്കുകയാണ് വേണ്ടതെന്നും അതിനായുള്ള പോരാട്ടങ്ങളുടെ തുടക്കമാകട്ടെ തന്റെ ജീവനും ജീവത്യാഗവും എന്നൊക്കെയുള്ള ഡയലോഗുകൾ കൈയ്യടി വാങ്ങിക്കൂട്ടി. അത് കൊണ്ട് തന്നെ സ്‌ക്രീൻ കാഴ്ച കൊണ്ടു മാത്രമല്ല നല്ല ഡയലോഗുകൾ കൊണ്ടും ആസ്വാദനം ഉറപ്പ് തരുന്ന സിനിമയാണ് നരസിംഹ റെഡ്ഢി എന്ന് പറയാം .
ആക്ഷനും ഡയലോഗും ഇമോഷണൽ സീനുകൾ കൊണ്ടുമൊക്കെ അവസാനത്തെ ഇരുപത് മിനിറ്റുകളിൽ സിനിമയുടെ ഗ്രാഫ് ഉയരത്തിലേക്കൊരു പോക്കാണ്. മനസ്സിൽ തങ്ങി നിക്കും വിധം ഗംഭീരമായി തന്നെ അവതരിപ്പിക്കപ്പെട്ട ക്ലൈമാക്സിനെ എടുത്തു പറയേണ്ടി വരുന്നു.
നമ്മൾ അറിയാത്ത, അല്ലെങ്കിൽ അറിയാതെ പോയ എത്രയോ പോരാളികളുടെ കൂടി പോരാട്ടത്തിന്റെ ഫലമാണ് പിൽക്കാലത്ത് രാജ്യത്തിന് കിട്ടിയ സ്വാതന്ത്ര്യം എന്ന ഓർമ്മപ്പെടുത്തൽ കൂടിയുണ്ട് ഈ സിനിമക്ക്.
ആകെ മൊത്തം ടോട്ടൽ = തിരക്കഥയിലും അവതരണത്തിലുമൊക്കെ പ്രതീക്ഷിച്ചതിനേക്കാൾ മികവറിയിക്കുന്ന സിനിമയായി അനുഭവപ്പെട്ടു സൈറാ നരസിംഹ റെഡ്ഢി. ആ കൈയ്യടി മുഴുവൻ സുരേന്ദർ റെഡ്ഢി എന്ന സംവിധായകന് തന്നെയുള്ളതാണ്.