രണ്ടാം നരേന്ദ്രമോദി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറും

0

ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണു സത്യപ്രതിജ്ഞാച്ചടങ്ങ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകാനിടയില്ല.പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ത്യയുടെ ഇരുപത്തിരണ്ടാമത് മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്.

വിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമര്‍, അര്‍ജുന്‍ റാം മേഘ്‍വാല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, അനുപ്രിയ പട്ടേല്‍ തുടങ്ങിയവര്‍ മന്ത്രിമാരായി തുടരും. അല്‍ഫോണ്‍സ് കണ്ണന്താനം ഇത്തവണയും മന്ത്രിസഭയില്‍ ഇടംപിടിക്കാനാണ് സാധ്യത. ബിജെപി ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരം കുമ്മനം രാജശേഖരന്‍ രാവിലെ ഡല്‍ഹിയിലെത്തും.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മന്ത്രിമാരുമായി രാവിലെ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും രാജ്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച സൈനികര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു.രാജ്ഘട്ടിലും അടല്‍ സമാധിയിലും ദേശീയ യുദ്ധ സ്മാരകത്തിലുമെത്തി മോദി പുഷ്പാഞ്ജലി അര്‍പ്പിച്ചു.

ജെ.ഡി.യുവിനും ശിവസേനക്കും രണ്ട് വീതം അംഗങ്ങളാകും രണ്ടാം മോദി സർക്കാർ മന്ത്രിസഭയിലുണ്ടാവുക. രാജീവ് രജ്ഞൻ സിങ്, സന്തോഷ് കുശ്വാഹ എന്നിവരായിരിക്കും ജെ.ഡി.യു പ്രതിനിധികൾ.

അനിൽ ദേശായ്, സജ്ഞയ് റാവത്ത് എന്നിവർ ശിവസേനയിൽ നിന്നും. എൽജെപിയുടെ രാംവിലാസ് പാസ്വാനും അകാലിദളിന്റെ ഹർസിംറത്ത് കൗർ ബാദലും മന്ത്രിസ്ഥാനത്ത് തുടർന്നേക്കു ബംഗ്ലാദേശ്, ശ്രീലങ്ക കിര്‍ഗിസ്ഥാന്‍, മ്യാന്മാര്‍ എന്നീ രാഷ്ട്രങ്ങളുടെ പ്രസിഡന്റുമാരും മൌറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാഷ്ട്രങ്ങളുടെ പ്രധാനമന്ത്രിമാരും തായ് ലന്റിന്റെ പ്രതിനിധിയുമടക്കം നിരവധി വിദേശ പ്രതിനിധികള്‍ കൂടി എത്തുന്നതോടെ രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് മാറ്റ് കൂടും. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൽ ഹാമിദ് ഇന്നലെ വൈകിട്ടോടെ ഇന്ത്യയിലെത്തി.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കില്ല. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സ്ഥാനമൊഴിയുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽനിന്നുള്ള ബിജെപി, എൻഡിഎ നേതാക്കളും പങ്കെടുക്കും.