എഴുത്തുകാരന്‍ ബെന്യാമിന്റെ കുമാരിദേവി എന്ന കഥയിലെ സുനിന ഷക്യ ദേവിയെ വായിച്ചവര്‍ക്ക് ഓര്‍മ്മയുണ്ടാകും നേപ്പാളിലെ ജീവിക്കുന്ന ദേവിയുടെ കഥ. ദേവിയായി അവരോധിക്കപ്പെടെണ്ടതിന്റെ തലേദിവസം ആദ്യമായി ആര്‍ത്തവം ഉണ്ടായതോടെ സ്ഥാനങ്ങള്‍ നഷ്ടപെട്ട സുനിന ഷക്യദേവി ഒടുവില്‍ അടുക്കളപണിക്കാരിയായി ജീവിതം ജീവിച്ചു തീര്‍ത്തതിന്റെ നൊമ്പരപ്പെടുത്തുന്ന കഥ വായനക്കാരുടെ മനസ്സില്‍ എന്നും നോവാണ്.
കഥയില്‍ പറയുന്ന പോലെ നേപ്പാളില്‍ ഇങ്ങനെയൊരു ആചാരമുണ്ട്. നേപ്പാളിലെ ജീവിക്കുന്ന ദേവതയായി അടുത്തിടെ ഒരു മൂന്നു വയസുകാരിയെ അഭിഷേകം ചെയ്തിരുന്നു. തൃഷ്ണ ശാക്യ എന്ന മൂന്നു വയസുകാരിയാണ് നേപ്പാളിലെ പുതിയ ദേവി. ബിജയ രത്‌നയുടെയും ശ്രിജന ശാക്യയുടെയും മകളാണ് തൃഷ്ണ. കഠിനമായ പരീക്ഷകള്‍ക്ക് ശേഷമാണ് തൃഷ്ണ ദേവതാ പദവിയിലെത്തിയത്.
നേപ്പാളികളുടെ ആചാരപ്രകാരം കുമാരി എന്നറിയപ്പെടുന്ന ജീവിക്കുന്ന ദേവതയെ വിശ്വാസികള്‍ ദൈവത്തെ പോലെ പൂജാ വിധികളോടെ ആരാധിക്കും. കുഞ്ഞ് വളര്‍ന്ന് ആര്‍ത്തവമെത്തുന്ന കാലം വരെയാണ് ദേവതയായി പരിഗണിക്കപ്പെടുക. വാഴിച്ചുകഴിഞ്ഞാല്‍ ക്ഷേത്രതുല്യമായി പണികഴിപ്പിച്ച മന്ദിരത്തിലാണ് കുഞ്ഞു ദേവത ജീവിക്കേണ്ടത്. ദേവതയുടെ പരിചരണത്തിനായി പ്രത്യേകമായി ഏര്‍പ്പെടുത്തിയ പരിപാലകര്‍ കൂടെ ഉണ്ടാകും.
ദുര്‍ഗ്ഗാദേവിയുടെ സാക്ഷാല്‍ അവതാരമായാണ് ദേവിയെ എല്ലാവരും കാണുക. നെവാരി സമുദായത്തിലെ ഷക്യ ജാതിയില്‍ നിന്നാണ് ഇങ്ങനെ ദേവിയാകാന്‍ കുട്ടിയെ തിരഞ്ഞെടുക്കുക. ദലൈലാമയെയോ പഞ്ചന്‍ലാമയെയോ തിരഞ്ഞെടുക്കുന്നത്ര സൂക്ഷ്മതയോടെയാണ് ദേവിയെയും കണ്ടെത്തുക. ദേവതാലക്ഷണങ്ങള്‍ തികഞ്ഞ കുട്ടിയെ കണ്ടെത്തുന്നത് തന്നെ വലിയ കടമ്പയാണ്.
2015ലുണ്ടായ ശക്തമായ ഭൂമികുലുക്കത്തിന്റെ ആഘാതങ്ങളേറ്റുവാങ്ങിയ ക്ഷേത്രത്തിലാണ് കുഞ്ഞു ദേവതയുടെ താമസം. അഭിഷിക്തയായ ദേവത പുറം ലോകത്ത് പ്രത്യേക വേഷ ഭൂഷാദികളോടെ മാത്രമേ പ്രത്യക്ഷപ്പെടൂ. കുട്ടിക്ക് പ്രായപൂര്‍ത്തിയായി ആര്‍ത്തവം ആരംഭിക്കുമ്പോള്‍ ദേവതാ പദവി നഷ്ടമാകും. ഇങ്ങനെ സംഭവിക്കുന്നതോടെയാണ് പുതിയ ദേവതയെ വാഴിക്കാനുള്ള ചടങ്ങുകള്‍ ആരംഭിക്കുക. നേപ്പാളിലെ ഹിന്ദു ദേവതയായ തലേജുവിന്റെ പ്രതിനിധിയായാണ് കുമാരി പരിഗണിക്കപ്പെടുന്നത്. വര്‍ഷത്തില്‍ 13 തവണ മാത്രമേ കുമാരിക്ക് പുറത്തിറങ്ങാന്‍ അവസരം ലഭിക്കൂ. അഭിഷേക ചടങ്ങുകള്‍ക്കു മുന്നോടിയായി 108 വീതം പോത്തുകളെയും, ആടുകളെയും, കോഴികളെയും, താറാവുകളെയും ബലിനല്‍കണമെന്നതാണ് ആചാരം. എന്നാല്‍ മൃഗസ്‌നേഹികളുടെ ശക്തമായ എതിര്‍പ്പുള്ളതിനാല്‍ കുറച്ചു മൃഗങ്ങളെ മാത്രമാണ് ബലി നല്‍കിയത്.വ്യാഴാഴ്ച കാഠ്മണ്ഡുവിലെ ദര്‍ബാര്‍ സ്‌ക്വയറിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്. പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തിലായിരുന്നു തൃഷ്ണ ശാക്യ എന്ന മൂന്നു വയസുകാരിയുടെ അഭിഷേകം നടന്നത്.