മുംബൈ: കൂട്ടത്തിലൊരാൾ നെറ്റ്ഫ്ലിക്സിൽ അക്കൗണ്ട് എടുത്താൽ, കൂട്ടുകാരെല്ലാം ഷെയർ ചെയ്ത് ഉപയോഗിക്കുന്ന സൗകര്യം ഇനി ലഭ്യമാകില്ല. ആവശ്യക്കാർ പ്രത്യേകം പ്രത്യേകം അക്കൗണ്ട് എടുക്കേണ്ടിവരും, അല്ലെങ്കിൽ അധികമായി പണമടയ്ക്കണം.
നെറ്റ്ഫ്ലിക്സിൽ പാസ്‌വേഡ് കൈമാറി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഇന്ത്യയിൽ അവസാനിപ്പിച്ചെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഒരേ കുടുംബത്തിലുള്ളവർക്ക് വീട്ടിലോ യാത്രകളിലോ ഒക്കെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കുവയ്ക്കാൻ സാധിക്കും. എന്നാൽ, കുടുംബത്തിനു പുറത്ത് ഇത് അനുവദിക്കാനാവില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഇമെയ്‌ലുകൾ ഉപയോക്താക്കൾക്ക് അയച്ചുതുടങ്ങിയിട്ടുണ്ട്.
ഇന്ത്യ കൂടാതെ, ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ എന്നിവിടങ്ങളിലും അക്കൗണ്ട് ഷെയറിങ്ങിനെതിരേ വ്യാഴാഴ്ച മുതൽ നടപടി ആരംഭിച്ചിട്ടുണ്ട്. ഈ വർഷത്തിന്‍റെ രണ്ടാം പകുതിയിൽ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.
ഇന്ത്യ അടക്കം പല രാജ്യങ്ങളിലും പെയ്ഡ് ഷെയറിങ് സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ, ഒരേ വീട്ടിലല്ലാതെ താമസിക്കുന്നവർക്ക് അക്കൗണ്ട് പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നവർ അധികം ഫീസ് അടയ്ക്കേണ്ടിവരും. ‘എക്സ്ട്രാ മെംബർ’ എന്ന ഓപ്ഷനാണ് ഇതിനായി നൽകുന്നത്.
കഴിഞ്ഞ മേയ് മാസം മുതൽ തന്നെ പാസ്‌വേഡ് ഷെയറിങ്ങിന് പല രാജ്യങ്ങളിലും നെറ്റ്ഫ്ലിക്സ് നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയിരുന്നെങ്കിലും ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്നത് ഇപ്പോഴാണ്.