വിമൺ ഇൻ സിനിമാ കളക്ടീവിനെ കടത്തിവെട്ടാന്‍ സിനിമയിലെ സ്ത്രീകൾക്കായി ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന

0

വിമൺ ഇൻ സിനിമാ കളക്ടീവിന് ബദലായി മലയാള സിനിമയില്‍ മറ്റൊരു വനിതാ കൂട്ടായ്മ ഉടലെടുത്തു. സിനിമയിലെ സ്ത്രീകൾക്കായി ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന.  നായികമാർ അടക്കം സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന 200 ഓളം പേർ ആദ്യ ദിനം തന്നെ സംഘടനയിൽ അംഗങ്ങളായി. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായി കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.

സിനിമയിലെ അടിസ്ഥാന മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നം കേള്‍ക്കാനും അതിനുള്ള പരിഹാരം കണ്ടെത്താനുമാണ് പുതിയ കൂട്ടായ്മയെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. 6000 അംഗങ്ങളുള്ള ഫെഫ്കയുടെ ജനറല്‍ ബോഡിയില്‍ ഞാന്‍ മാത്രമേ സ്ത്രീയായിട്ടുള്ളൂ. അപ്പോള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതിന് പരിഹാരം കാണാനും ഒരു പ്രത്യേക സംഘടന ആവശ്യമാണെന്ന തിരിച്ചറിയില്‍ നിന്നാണ് ഇത് ഉണ്ടായത്.

ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, എഡിറ്റര്‍മാര്‍, സ്‌ക്രിപ്പ് എഴുത്തുകാര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് അംഗങ്ങള്‍. കഴിഞ്ഞ വർഷമാണ് നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ വനിതാ ആദ്യ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവ് രൂപം കൊണ്ടത്. എന്നാൽ തുടക്കം മുതൽ വിവാദത്തിൽപ്പെട്ട ഒരു സംഘടനയായിരുന്നു വിമൺ ഇൻ സിനിമാ കളക്ടീവ്.

എന്നാൽ പിന്നീട് അങ്ങോട്ട് വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു സംഘടനയിൽ നിന്നും. സിനിമയിലെ സഹപ്രവർത്തകരായ പല വനിതകളും ഈ സംഘടനയെ തള്ളി പറഞ്ഞു. എന്നിട്ടും പതറാതെ മുന്നോട്ട് പോയ സംഘടനയെ വീണ്ടും വെട്ടിലാക്കിയത് നടി പാർവ്വതിയുടെ കസബ വിവാദവും മമ്മൂട്ടി പരാമർശവുമായിരുന്നു.

സിനിമയിൽ പ്രവർത്തിക്കുന്ന നടിമാരെയോ മറ്റ് അണിയറ പ്രവർത്തകരായ സ്ത്രീകളെയോ സംഘടനയിലേക്ക് ക്ഷണിക്കാതെ വളരെ കുറച്ച് പേർ മാത്രം ചേർന്നായിരുന്നു വിമൺ ഇൻ സിനിമാ കളക്ടീവ് പ്രവർത്തനം തുടങ്ങിയത്. ഇതിനെതിരെയാണ്  ഭാഗ്യലക്ഷ്മിയുടെ സംഘടന വന്നിരിക്കുന്നത്.