നവജാത ശിശുവിനെ അമ്മ ക്രൂരമായി കൊന്നു

2

അബുദാബി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അബുദാബി പോലീസ് എത്യോപ്യൻ യുവതിക്കെതിരെ കേസെടുത്തു. യു.എ.ഇയിലെ ഒരു അറബ് കുടുംബത്തിൽ വീട്ടുജോലി ചെയ്തുവരികയായിരുന്നു ഈ യുവതി. ഭർത്താവ് ഉപേക്ഷിച്ച ഈ യുവതിയെ വീട്ട് ജോലിക്ക് നിയമിക്കുമ്പോൾ ഗർഭിണിയാണെന്ന കാര്യം വീട്ടുകാർക്ക് അറിയില്ലെന്നായിരുന്നു പോലീസിൽ വീട്ടുകാർ നൽകിയ മൊഴി.
യുവതി ജോലി ചെയ്യുന്ന വീട്ടിൽ തന്നെയായിരുന്നു യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. ഉടൻ തന്നെ ശുചിമുറിയിൽ വെച്ച് കുഞ്ഞിന്‍റെ തല തറയിൽ അടിച്ചും കത്തികൊണ്ട് കുത്തിയും കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഒരു തുണിയിൽ പൊതിഞ്ഞ് വീടിന് സമീപമുള്ള മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ചു. മാലിന്യ കൂമ്പാരത്തിൽ മൃതദേഹം കണ്ട ശുശീകരണ ജീവനക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്.
തുടർന്ന് നടന്ന അന്വേഷണത്തിൽ, ഒറ്റയ്കക് കുഞ്ഞിനെ വളർത്താനുള്ള ബുദ്ധിമുട്ട് കൊണ്ടും, ഭർത്താവിനോട് പ്രതികാരം ചെയ്യാനുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പോലീസിനോട് കുറ്റം സമ്മതിച്ചു.
ആറ് മാസം ഗർഭണിയായപ്പോൾ ഭർത്താവിനെ ഫോണിൽ വിളിക്കുകയും കാര്യങ്ങൾ പറയുകയും ചെയ്തിരുന്നു. തിരികെ വീട്ടിലേയ്ക്ക് വരണമെന്നും ഒറ്റയ്ക്ക് യു.എ.ഇയിൽ കുഞ്ഞിനെ നോക്കാൻ സാധിക്കില്ലെന്നും ഭർത്താവിനോട് പറഞ്ഞു. എന്നാൽ, ഭർത്താവ് തയ്യാറായില്ലെന്നും ഗർഭത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് ഭർത്താവ് പറഞ്ഞതെന്ന് യുവതി പറഞ്ഞു.