ന്യൂഡൽഹി: താപനില പതിവിലുമേറെ താണതോടെകൊടും തണുപ്പിൽ മുങ്ങി ഉത്തരേന്ത്യ. നൂറുവർഷത്തിനിടെ ഡൽഹിയിലെ പകൽത്തണുപ്പ് ഇത്രയേറെ കൂടുന്ന രണ്ടാം ഡിസംബറാണിത്. 1919-ലെ ഡിസംബറിലാണ് ഇതിനുമുന്പ് ഇതുപോലെ തണുപ്പുകൂടിയത്. തുടര്‍ച്ചയായ 14 ദിവസമായി ഡല്‍ഹിയില്‍ കൊടുംതണുപ്പാണ്. ഡല്‍ഹിയില്‍ 4.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില. കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും.
ശരാശരി കൂടിയ താപനില താഴ്ന്നതാണ് പകല്‍ തണുപ്പ് കഠിനമാകാന്‍ കാരണം. 19.84 ഡിഗ്രി സെല്‍ഷ്യസാണ് ഇത്തവണ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില. 1919 ഡിസംബറില്‍ ഇത് 19.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ശരാശരി കൂടിയ താപനില ഏറ്റവും കുറഞ്ഞത് 1997-ലാണ്.
ചൊവ്വാഴ്ചമുതല്‍ ഡല്‍ഹി ഉള്‍പ്പെടുന്ന ദേശീയ തലസ്ഥാനമേഖലയില്‍ മഴ തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. മഴ പെയ്താല്‍ തണുപ്പിന്റെ കാഠിന്യമേറും. ഡൽഹി, പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഞായറാഴ്ചവരെ ഓറഞ്ച് ജാഗ്രത (കൊടുംതണുപ്പ്) പ്രഖ്യാപിച്ചിട്ടുണ്ട്.