ഡ്രൈവിങ് ലൈസന്‍സിനും ആർസി ബുക്കിനും ഇനി പുതിയ രൂപം

1

ഗതാഗത വകുപ്പ് നല്‍കി വരുന്ന ഡ്രൈവിങ് ലൈസന്‍സിനും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഇനി പുതിയ രൂപം. ഇന്ത്യയിലെ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ഏകീകൃത സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗഗത മന്ത്രാലയം അറിയിച്ചു. നിലവിൽ ഓരോ സംസ്ഥാനത്തും ഓരോ രീതിയിലുള്ള ഡ്രൈവിങ് ലൈസന്‍സുകളും ആർസി ബുക്കുകളുമാണ് വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഇവ ഏകീകരിക്കുന്നതിനുള്ള തീരുമാനമെടുത്തിരിക്കുന്നത്. ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവ ഏകീകരിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.

നിലവിലെ പേപ്പര്‍ രൂപത്തില്‍ നിന്ന് ലൈസന്‍സും ആർസി ബുക്കും സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുകയാണ്. ക്യൂ ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങി ആറ് സുരക്ഷാ സംവിധാനങ്ങളാണ് ലൈസന്‍സിലും ആർസി ബുക്കിലും ഒരുക്കുക. പുതിയ രീതിയനുസരിച്ച് ഇവയിൽ ഘടിപ്പിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ വാഹനത്തിന്റെയും ഡ്രൈവറുടെയും മുന്‍കാല വിവരങ്ങള്‍ ലഭ്യമാകും.പുതിയ ലൈസന്‍സില്‍ അവയവ ദാനത്തിനുള്ള ഡ്രൈവറുടെ സമ്മതവും ഭിന്നശേഷിയുള്ളവരെങ്കില്‍ അതും ഉള്‍പ്പെടുത്തും.

ഇന്ത്യന്‍ യൂണിയന്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന തലവാചകത്തോടു ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മുദ്രയുണ്ട്. ഹോളോഗ്രാമും കേരള സര്‍ക്കാര്‍ മുദ്രയും വ്യക്തിയുടെ ഫോട്ടോയും തൊട്ടുതാഴെ. മുന്‍വശത്ത് രക്തഗ്രൂപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സിന്റെ പിറകുവശത്താണ് ക്യു.ആര്‍.കോഡുള്ളത്. ഇരുപുറങ്ങളിലും ലൈസന്‍സ് നമ്പരും മോട്ടോര്‍ വാഹന വകുപ്പിന്റെ മുദ്രയും ഇങ്ങനെയാകും ലൈസൻസിന്റെ പുതിയ രൂപം. ഡ്രൈവിങ് ലൈസന്‍സ്, വാഹനങ്ങളുടെ വിവരങ്ങള്‍ എന്നിവ സംബന്ധിച്ച് ഡിജിറ്റല്‍ ഡാറ്റ ബെയ്‌സ് നിര്‍മിക്കുന്നതിനാണ് ഗതാഗത വകുപ്പിന്റെ ഈ നീക്കം. രാജ്യത്താകെ വാഹന ലൈസന്‍സുകളും ഏകീകരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളാണ് വാഹന്‍, സാരഥി എന്നിവ. സാരഥി പദ്ധതി ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും വാഹന്‍ പദ്ധതി വാഹന രജിസ്ട്രേഷനുമാണ്.