മക്കള്‍ മൂന്നെണ്ണം ഉണ്ടോ എങ്കില്‍ 20 വര്‍ഷത്തേക്ക് കൃഷി ചെയ്യാന്‍ ഭൂമി, വീടു വെയ്ക്കന്‍ രണ്ടുലക്ഷം പലിശരഹിത വായ്പ

0

മൂന്നാമതും ഒരു കുഞ്ഞു കൂടി ജനിച്ചാല്‍ 
20 വര്‍ഷത്തേക്ക് കൃഷി ചെയ്യാന്‍ ഭൂമിയും , വീടു വെയ്ക്കന്‍ രണ്ടുലക്ഷം പലിശരഹിത വായ്പയും ലഭിച്ചാലോ ? എവിടെയാണെന്നോ അങ്ങ് ഇറ്റലിയില്‍ തന്നെ. 
ജനങ്ങള്‍ ചെയ്യേണ്ടത് ഇനിയും കുട്ടികളെ ജനിപ്പിക്കുക എന്നത് മാത്രം.

ഇറ്റാലിയന്‍ സര്‍ക്കാരിന്റേതാണ് വാഗ്ദാനം. യൂറോപ്പില്‍ ജനനനിരക്ക് ഏറ്റവും കുറവുള്ള ഇറ്റലിയില്‍ ജനസംഖ്യ കൂട്ടാനും കൃഷിഭൂമികള്‍ തരിശിടാതെ ഉപയോഗപ്പെടുത്താനുമുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രഖ്യാപനം.

”ലാന്റ് ഫോര്‍ ചില്‍ഡ്രന്‍” എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഇറ്റലിയുടെ പുതിയ സര്‍ക്കാരായ പോപുലിസ്റ്റ് റൈറ്റ് വിംഗ് ലീഗ് പാര്‍ട്ടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. വീട്ടില്‍ കുട്ടികളുടെ എണ്ണം കൂട്ടാന്‍ വേണ്ടിയാണ് മൂന്നാമത്തെ കുട്ടിക്ക് വീതം ഭൂമി അനുവദിക്കുന്നത്. ഇക്കാര്യം രാജ്യത്തിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ കുട്ടികളുടെ എണ്ണം വളരെ കുറവുള്ളതാണ് ഇറ്റാലിയന്‍ കുടുംബങ്ങളുടെ രീതി. ഉള്‍നാടന്‍ പ്രദേശങ്ങളിലെ കുട്ടികള്‍ ഇല്ലാത്ത ദമ്പതികളെ മുന്നില്‍ കണ്ടാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 2019 നും 2021 നും ഇടയിലാണ് മാതാപിതാക്കള്‍ക്ക് ഇതിന്റെ ഗുണം കിട്ടുക. ഈ രീതിയില്‍ ഭൂമി കിട്ടുന്ന ദമ്പതികള്‍ക്ക് 20 വര്‍ഷം വരെ ഈ കൃഷിഭൂമി ഉപയോഗപ്പെടുത്താനാകും.