സുന്ദരികളാവാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത് അല്ലെ. നല്ല പളുങ്കുപോലത്തെ മുഖവും ഇടതൂർന്ന മുടിയും ആരുകണ്ടാലും ഒന്ന് നോക്കിപോകുന്ന മനം മയക്കുന്ന സൗന്ദര്യം കൗമാരക്കാരായ എല്ലാ തരുണീമണികളുടെയും സ്വപ്നമാണ്. എന്നാൽ സമയ പരിമിതി മൂലവും ജീവിതശൈലികൾകൊണ്ടും പലർക്കും സൗന്ദര്യം വേണ്ട രീതിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ കല്യാണം കൂടാൻ പോകുമ്പോഴായിരിക്കും പലരും കണ്ണാടിക്ക് മുന്നിലിരുന്ന് മുഖ സൗന്ദര്യത്തിന്റെവ റിവ്യൂ എഴുതുക. അൽപമൊന്നു പരിശ്രമിച്ചാല്‍ നിങ്ങൾക്കും നേടാവുന്നതേയുള്ളു ആ സൗന്ദര്യം.താരനും മുടികൊഴിച്ചിലുമില്ലാതെ തഴച്ചു വളരുന്ന കാർകൂന്തലും പാടുകളില്ലാത്ത തിളങ്ങുന്ന മുഖവും കൊഴുപ്പടിയാത്ത ആലില പോലുള്ള വയറുമൊക്കെ സ്വന്തമാക്കണമെങ്കിൽ നാം തന്നെ വിചാരിച്ചാൽ മതി.ബ്യൂട്ടി പാർലറിൽ പോകാതെ, സൗന്ദര്യ വർധക വസ്തുക്കളുടെ പിന്നാലെ പായാതെ വീട്ടിൽ വച്ചു തന്നെ ചെയ്യാവുന്ന ഒത്തിരി പൊടികൈകൾ നമുക്കിടയിൽ തന്നെ ഉണ്ട്.
അഴക് കൂട്ടാൻ ഫ്രൂട്ട് പീൽ
- ഓറഞ്ച് തൊലി വെയിലത്തുവെച്ച് ഉണക്കി ഇത് പൊടിച്ച് സമം തൈരും ചേർത്ത് മുഖത്തു പുരട്ടിയാൽ കരുവാളിപ്പ് മാറി ചർമ്മത്തിന് തിളക്കം കിട്ടും
- ആപ്പിളിന്റെ തൊലി മുറിച്ചയുടനെടുത്ത് കഴുകി വൃത്തിയാക്കിയ മുഖത്തു ക്ലോക്ക് വൈസായി 10 മിനുട്ട് ഉരസുക.തണുത്ത വെള്ളത്തിൽ കഴുകി മോയിസ്ചറൈസർ കൂടി പുരട്ടിയാൽ നല്ലൊരു ക്ലൻസറാണ്.
- മാതള നാരങ്ങയുടെ തൊലി വെയിലത്ത് വെച്ച് ഉണക്കി പൊടിച്ച സൂക്ഷിക്കാം.ഇതിൽ തുല്യ അളവിൽ നാരങ്ങാനീരോ, പനിനീരോ യോജിപ്പിച്ച് പുരട്ടിയാൽ മുഖക്കുരു മായും.പാലിൽ യോജിപ്പിച്ചു പുരട്ടുന്നത് ചുളിവുകൾ നീക്കി ചർമ്മത്തിന് യൗവ്വനം നൽകും.
മുൾട്ടാണി മിട്ടി പ്രയോഗങ്ങൾ
- സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ ഓൾ റൗണ്ടർ ആണ് മഞ്ഞൾ. സൗന്ദര്യത്തിന് വില്ലനാവുന്ന വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്നു മുള്‍ട്ടാണി മിട്ടിയും മഞ്ഞളും. ഇത് രണ്ടും തുല്യ അളവിൽ മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ മുഖക്കുരു, കരുവാളിപ്പ്, കറുത്തപാട് അങ്ങനെ ചര്‍മ്മത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കാവുന്നതാണ്.
- മുള്‍ട്ടാണി മിട്ടിയില്‍ അല്‍പം തേനും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തില്‍ തേക്കുന്നത് വളരെയധികം ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റുന്നതിന് സഹായിക്കുന്നു. ഇത് നല്ലൊരു ഫേസ്‌പാക്ക് കൂടെയാണ്.
- മുള്‍ട്ടാണി മിട്ടിയും തൈരും. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്.ഇത് കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകൾ ഇല്ലാതാക്കും.ചര്‍മ്മത്തിന് നിറവും തിളക്കവും നല്‍കി ചര്‍മ്മത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് തൈരും മുള്‍ട്ടാണി മിട്ടിയും സഹായിക്കുന്നു. മുഖത്തിട്ട് ആഴ്ചയില്‍ രണ്ടു ദിവസം സ്ഥിരമായി ഇതു ഉപയോഗിക്കാം. വെയിലേറ്റു കരുവാളിച്ച ചര്‍മ്മത്തിനും ഇത് വളരെ ഗുണം ചെയ്യും. മുഖത്ത് മാത്രമായോ കൈകാലുകളിലും ഇത് ഉപയോഗിക്കാം. മുപ്പതു മിനിട്ടിനു ശേഷം കഴുകി കളയാം പുതിന ഉണക്കി പൊടിച്ചു ചേര്‍ക്കുന്നത് ഗുണഫലം കൂട്ടും വരണ്ട ചര്‍മ്മം എന്ന അവസ്ഥക്ക് സംശയംകൂടാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഇത്.
- മുറിവ് കൊണ്ടും പൊള്ളല്‍ കൊണ്ടും ഉണ്ടായ പാടുകള്‍ മായ്ക്കാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കും. നാരങ്ങനീരും വിറ്റാമിന്‍ ഇ എണ്ണയും ചേര്‍ത്ത് കുഴച്ച മുള്‍ട്ടാണി മിട്ടി ഇരുപതു മിനിറ്റ് മുഖത്തിട്ട ശേഷം കഴുകികളയാം. പാട് മായുന്നത് വരെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുടരുക.
- മുഖക്കുരുവിന്‍റെ പ്രധാന പ്രതിവിധിയാണ് മുള്‍ട്ടാണി മിട്ടി. മുള്‍ട്ടാണി മിട്ടിയും വേപ്പില അരച്ചതും ഒരു നുള്ള് കര്‍പ്പൂരവും ചേര്‍ത്ത് പനിനീരില്‍ ചാലിച്ചു ഫേസ്പായ്ക്ക് തയ്യാറാക്കാം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ ശേഷം പച്ചവെള്ളത്തില്‍ മുഖം കഴുകാം. ആഴ്ചയിലൊരിക്കല്‍ ഇത് ആവര്‍ത്തിക്കാം.
നിറം വർധിപ്പിക്കാൻ കടലമാവ് കൊണ്ടൊരു മാജിക്
അടുക്കളയില്ലേ സ്വാദിഷ്ടമായ പലഹാരങ്ങളിൽ മാത്രമല്ല കടലമാവ് മാജിക്കുകൾ കാട്ടുന്നത് മറിച്ച് സൗന്ദര്യ വർധനവിനും ഉത്തമമാണ് കടലമാവ്. ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും ത്വക്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കടലമാവ് ഉപയോഗിച്ചുള്ള വിവിധതരം ഫെയ്സ്പാക്കുകൾ സഹായകരമാണ്.
- എണ്ണമയമുള്ള ചർമമുള്ളവർ കടലമാവുപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തിനു തെളിമകൂട്ടും.
- ഒരു സ്പൂൺ കടലമാവിൽ തേന്‍ ഒഴിച്ചു കുഴമ്പുരൂപത്തിലാക്കി മുഖത്തു പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. ദിവസേന ഇങ്ങനെ ചെയ്താൽ മുഖകാന്തി വർധിക്കും.
- വെളിച്ചെണ്ണ ശരീരമാകെ തേച്ചു പിടിപ്പിച്ച് കുളിക്കുമ്പോൾ കടലമാവുപയോഗിച്ച് കഴുകി കളയുന്നതും ചർമത്തിനു സ്വാഭാവികത നിലനിർത്തി തിളക്കവും മൃദുത്വവും നൽകുന്നു.
- കടലമാവ്, തൈര്, മഞ്ഞൾപ്പൊടി ഇവ ചേർന്ന മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക. മുഖക്കുരു, കറുത്തപാടുകൾ എന്നിവ മാറാൻ ഇത് വളരെ നല്ലതാണ്.
ഒലീവ് ഓയിലാണ് താരം
ഒലീവ് ഓയില്‍ ചര്‍മത്തിന് ചേര്‍ന്ന ഏറ്റവും മികച്ച എണ്ണയാണ്. ഇതു കൊണ്ടു പല തരത്തിലെ ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ചര്‍മത്തിനു നിറം മുതല്‍ ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാനുള്ള ഒന്നു കൂടിയാണ് ഒലീവ് ഓയില്‍. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിന് വൈറ്റമിന്‍ ഇ ഓയില്‍ ഏറെ അത്യാവശ്യമാണ്. ഒലീവ് ഓയില്‍ വൈറ്റമിന്‍ ഇ അടങ്ങിയ ഒരു എണ്ണയാണ്. ഇതാണ് ചര്‍മത്തിന് ചുളിവുകള്‍ നീക്കി ചെറുപ്പം നല്‍കാന്‍ സഹായിക്കുന്നത്.
- ഒലീവ് ഓയിലിനൊപ്പം ഓട്‌സും മുട്ട വെള്ളയും ചേര്‍ത്താന്‍ മുഖത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കും. അരകപ്പ് ഓട്‌സെടുത്തു വേവിയ്ക്കുക. ഇത് തണുത്ത ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു മുട്ടവെള്ളയും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം. ഇത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. പിന്നീട് വെളിച്ചെണ്ണ കൊണ്ടു മുഖം മസാജ് ചെയ്യാം. ഇത് മുഖത്തിന് നിറം നല്‍കാനും സഹായിക്കുന്ന ഒന്നാണ്.
- ഒലീവ് ഓയില്‍, തേന്‍, ഗ്ലിസറിന്‍ എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്.
- 1 മുട്ട വെള്ള, 1 ടീസ്പൂണ്‍ തേന്‍, 2 ടീസ്പൂണ്‍ പാല്‍, അര ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും മുഖത്തു പുരട്ടാം. ഇതും മുഖത്തെ ചുളിവുകള്‍ നീക്കാന്‍ നല്ലതാണ്. ഇത് 30 മിനിറ്റു കഴിഞ്ഞ് ഇളംചൂടുവെള്ളം കൊണ്ടു കഴുകുക.
- 2 ടീസ്പൂണ്‍ കടലമാവ്, ഒലീവ് ഓയില്‍, പനിനീര് എന്നില കലര്‍ത്തി മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ 2 ദിവസമെങ്കിലും ചെയ്യുക.മുഖത്തെ ചുളിവുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.
- കറ്റാര്‍ വാഴയും ഒലീവ് ഓയിലും കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുന്നതു മുഖചര്‍മത്തിലെ ചുളിവുകള്‍ക്കു പരിഹാരമാണ്. കറ്റാര്‍ വാഴയിലും വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ്.
ചില നടൻ ഫേസ് പാക്കുകൾ
തക്കാളി കക്കിരി കൂട്ട്: തക്കാളി കക്കിരി നീരും സമംചേർത്ത് തേനിൽ കലർത്തി മുഖത്തുപുരട്ടുക. 15 മിനിട്ടിനു ശേഷം ഇളംചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. മുഖത്തെ അമിതമായുള്ള എണ്ണമയം നീക്കാൻ ഇതുതമമാണ്.
ഉരുളക്കിഴങ്ങും ഓട്സും: ഉരുളക്കിഴങ്ങു പുഴുങ്ങിയ ശേഷം പേസ്റ്റ് രൂപത്തിലാക്കുക. ശേഷം അതിലേക്ക് ചെറുനാരങ്ങാ നീര് ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം ഇളംചൂടുവെള്ളത്തിൽ മുഖം കഴുകി വൃത്തിയാക്കുക. ഇതൊരു നല്ല മോയിസ്ചറൈസറാണ്.
പഴവും നാരങ്ങാനീരും: നന്നായി ഉടച്ച പഴത്തിൽ ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങാ നീര് ചേർത്ത് മുഖത്തുതേക്കുക.15 മിനിട്ടിനു ശേഷം കഴുകി കളയുക. മുഖത്തെ ചുളിവുകൾ നീക്കി തിളക്കം വർധിപ്പിക്കാൻ ഈ ഫേസ് പാക്ക് സഹായിക്കുന്നു.