ന്യൂയോര്‍ക്ക് സിറ്റി: പ്രമുഖ പത്രമായ ദ ന്യൂയോര്‍ക്ക് ടൈംസ് അന്താരാഷ്ട്ര എഡിഷനില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുന്നു. ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ടൈംസ് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാനായതില്‍ പത്രം മാപ്പ് പറഞ്ഞിരുന്നു.
ജൂതന്മാരുടെ തൊപ്പി ധരിച്ച അന്ധനായ ട്രംപിന് പിന്നാലെ കാവല്‍ നായയായി പോകുന്ന നെതന്യാഹുവായിരുന്നു കാര്‍ട്ടൂണിലുണ്ടായിരുന്നത്. ഇത് ജൂത സമൂഹത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായി. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ അന്താരാഷ്ട്ര എഡിഷനിലെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതായി എഡിറ്റര്‍ ജെയിംസ് ബെന്നെറ്റ് പറഞ്ഞു. രുന്ന ജൂലൈ ഒന്നുമുതലായിരിക്കും തീരുമാനം പ്രാബല്ല്യത്തില്‍ വരുന്നത്.
മാധ്യമങ്ങള്‍ക്ക് നേരെയുണ്ടാകുന്ന രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും സമൂഹമാധ്യമങ്ങളിലെ ആള്‍ക്കൂട്ട വിമര്‍ശനവും ഉത്കണ്ഠ ഉണ്ടാക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസിലെ കാര്‍ട്ടൂണിസ്റ്റ് പാട്രിക് ചപ്പാത്തേ പറഞ്ഞു. ട്രംപിനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ സൃഷ്ടിച്ചതുകൊണ്ട് മാത്രം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ നിരവധി കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ജോലി നഷ്ടമായി. നമ്മളും പേടിക്കേണ്ടിയിരിക്കുന്നു എന്നും ചപ്പാത്തേ കുറിച്ചു.