അഫ്‌ഗാനിസ്ഥാനിൽ കീഴടങ്ങിയ ഐഎസ് സംഘത്തിൽ മലയാളിയായ നിമിഷയുമുണ്ടെന്ന് അമ്മ

0

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ നങ്ഗർഹർ പ്രവിശ്യയിൽ കീഴടങ്ങിയ ഇന്ത്യക്കാരിൽ മലയാളികളായ നിമിഷ ഫാത്തിമയും ഭർത്താവ് ബെക്സിൻ വിൻസന്‍റ് എന്ന ഈസയും കൊച്ചുമകളുമുണ്ടെന്ന് നിമിഷയുടെ അമ്മ ബിന്ദു സമ്പത്ത്. രണ്ടാഴ്ച മുമ്പ് അഫ്ഗാനിസ്ഥാനിൽ സുരക്ഷാ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലാണ് നിമിഷയടക്കമുള്ളവർ ഉള്ളതെന്നാണ് ബിന്ദു പറയുന്നത്.

കേന്ദ്രസർക്കാരിൽ നിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും കിട്ടിയിട്ടില്ലെന്നും, എന്നാൽ എൻഐഎ അയച്ചു തന്ന ചില ചിത്രങ്ങളിൽ തന്‍റെ മകളുടെ ഭർത്താവിനെയും കൊച്ചുമകളെയും കണ്ടതായും ബിന്ദു സമ്പത്ത് വ്യക്തമാക്കി. ലഭിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞതെന്നാണ് നിമിഷയുടെ അമ്മ ബിന്ദു ഒരു സ്വകാര്യ മാധ്യമത്തിനോട് പറഞ്ഞത്.

നങ്ഗർഹറിൽ ഇത്രയധികം പേർ ഒന്നിച്ച് കീഴടങ്ങിയെന്ന വിവരം വന്നതിന് പിന്നാലെയാണ് എൻഐഎ ചില ചിത്രങ്ങൾ അയച്ചു തന്നതെന്ന് ബിന്ദു പറയുന്നു. ഇതിൽ തന്‍റെ മരുമകനെ കാണാമായിരുന്നു. കൊച്ചുമകൾ ഒരു സ്ത്രീയുടെ മടിയിൽ ഇരിക്കുന്നതും കാണുന്നുണ്ട്. എല്ലാ സ്ത്രീകളും തലയിലൂടെ മുഖാവരണം ധരിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ട് മുഖം വ്യക്തമല്ല. പക്ഷേ, എന്‍റെ കൊച്ചുമകൾ ഇരിക്കുന്നുണ്ടെങ്കിൽ അത് മകളുടെ മടിയിൽത്തന്നെയായിരിക്കുമല്ലോ, അതുകൊണ്ടാണ് ഇത് മകളാണെന്ന് പറയുന്നത് – ബിന്ദു പറയുന്നു.

പാലക്കാട് സ്വദേശി ഇസയ്ക്കൊപ്പം 2017ലാണ് നിമിഷ ഫാത്തിമ നാടുവിട്ടത്. ശ്രീലങ്ക വഴിയാണ് നിമിഷയും കുടുംബവും അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. കാസർകോട് ഡെന്റൽ കോളേജിലെ പഠനകാലത്തെസൗഹൃദത്തിലാണ് ക്രിസ്ത്യൻ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സൺ വിൻസെന്റിനെ വിവാഹംകഴിച്ചത്. തുടർന്ന് ഇരുവരും ഇസ്‌ലാംമതം സ്വീകരിക്കുകയായിരുന്നു.

2018 നവംബർ 28-നാണ് ഏറ്റവുമൊടുവിൽ നിമിഷയിൽ നിന്ന് സന്ദേശങ്ങൾ കിട്ടിയതെന്ന് ബിന്ദു പറയുന്നു. ടെലഗ്രാം വഴിയാണ് മകളുമായി സംസാരിക്കാറ്. മരുമകൻ അന്ന് വോയ്സ് മെസ്സേജുകളും അയച്ചിരുന്നു. എന്നാൽ പിന്നീട് നെറ്റ്‍വർക്കില്ലാത്ത പ്രദേശത്തേക്ക് അവർ പോയതിനാൽ സംസാരം സാധ്യമായിരുന്നില്ലെന്നും ബിന്ദു വ്യക്തമാക്കുന്നു.

ഭീകര സംഘടനയായ ഐസില്‍ ചേർന്ന് രാജ്യം വിട്ട മലയാളി സ്ത്രീകൾ ഉൾപ്പെട്ട സംഘം അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതായി ചൊവ്വാഴ്ചയാണ് വിവരം പുറത്തുവന്നത്. അഫ്ഗാനിസ്ഥാനിലെ അഛിൻ മേഖലയിൽ കീഴടങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട 22 അംഗ സംഘത്തിലെ പത്ത് പേർ മലയാളികളാണെന്നായിരുന്നു ലഭിച്ച സൂചന.

രാജ്യം വിട്ടവരിൽ സ്ത്രീകൾ ഉൾപ്പെടെ ചിലർ കീഴടങ്ങിയതായി സ്ഥിരീകരിക്കപ്പെട്ടതോടെ, സംഘത്തിലെ മലയാളികളെ തിരിച്ചറിയാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശ്രമം തുടങ്ങിയിരുന്നു. അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയവുമായി എൻഐഎ ബന്ധപ്പെട്ടു വരുന്നതായാണു വിവരം. കീഴടങ്ങിയവരിലെ മലയാളികളുടേതായി പുറത്തു വന്ന പേരുകൾ എൻഐഎ സ്ഥിരീകരിച്ചിട്ടില്ല.