നിപ വൈറസ്; നിരീക്ഷണത്തിലുള്ള ഏഴാമത്തെ വ്യക്തിയുടെ റിസല്‍ട്ടും നെഗറ്റീവ് ജാഗ്രത തുടരും: മുഖ്യമന്ത്രി

0

കൊച്ചി: നിരീക്ഷണത്തിലുള്ള ഏഴാമത്തെ വ്യക്തിക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ള ആറുപേർക്ക് നിപബാധയില്ലെന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അതേസമയം നിപ്പ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ നില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റനിൽ പറയുന്നു.

സംസ്ഥാനത്ത് 355 പേർ നീരീക്ഷണത്തിലാണ് രോഗമെത്തിച്ചത് വവ്വാലാണെന്ന് അന്തിമതീർപ്പായിട്ടില്ലെന്നും മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു.

ഇനി ഒരാളുടെ ഫലം കൂടിയാണ് വരാനുള്ളതെന്ന് ആരോഗ്യസെക്രട്ടറി പറഞ്ഞു. ഫലം നെഗറ്റീവ് ആണെന്ന് പറഞ്ഞാലും ഭേദപ്പെട്ടാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുള്ളൂവെന്നും ഇന്‍ക്യൂബേഷന്‍ പിരീഡ് കഴിയുന്നതുവരെ ജാഗ്രതയോടെ തന്നെ കൈകാര്യം ചെയ്യുമെന്നും മന്ത്രി പറഞിരുന്നു.

രോഗം വന്നശേഷമുള്ള ചികില്‍സയും പ്രതിരോധവുമല്ല, രോഗം വരാതിരിക്കാനുള്ള ഗവേഷണത്തിനാണു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

ഏത് ഘട്ടത്തിലാണ് വൈറസ് പകരുന്നതെന്നും വവ്വാലുകളെ നിരീക്ഷിക്കുന്നതിനായി സംയുക്ത നീക്കവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു, കൃഷി, വനം, മൃഗസംരക്ഷണ, ആരോഗ്യവകുപ്പുകളുടെ പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും നിരീക്ഷണ സംവിധാനം കര്‍ശമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും പറഞ്ഞു. ആരോഗ്യമന്ത്രിയുമായി സെക്രട്ടറിയുമായും നിരന്തരം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ പനിബാധിച്ച ചികിത്സയിലുള്ള രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് . എറണാകുളം, ഇടുക്കി ,തൃശൂർ എന്നിവിടങ്ങളിൽ നിന്നെത്തി പനിയോ മസ്തിഷ്ക ജ്വരലക്ഷണങ്ങളോടെയോ ചികിത്സ തേടുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.