കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കൈമാറണം എന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ദൃശ്യങ്ങൾ ദിലീപിന് നൽകില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
അതേസമയം ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപിന് കോടതി അനുമതി നല്‍കി. ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് തന്‍റെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്ന നടിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തിൽ ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിധി വന്നതോടെ പ്രോസിക്യൂഷന് വിചാരണ നടപടികള്‍ തുടങ്ങാനാകും.
2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായി സംഭവം. അങ്കമാലി അത്താണിക്കു സമീപം പ്രമുഖ യുവനടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തതായാണ് കേസ്. ഫെബ്രുവരി 23ന് മുഖ്യപ്രതി പെരുമ്പാവൂർ കോടനാട് നെടുവേലിക്കുടി സുനിൽകുമാർ (പൾസർ സുനി), തലശേരി സ്വദേശി വിജീഷ് എന്നിവരെ കോടതി മുറിയിൽനിന്നു നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജൂലൈ 10 ദിലീപിനെയും അറസ്റ്റു ചെയ്തു.
ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയത്. ഉപദ്രവിക്കപ്പെട്ട നടിക്കു നീതി ലഭ്യമാക്കേണ്ടതുണ്ട്. വിചാരണ വൈകിപ്പിക്കാൻ വേണ്ടിയാണ് ദിലീപ് ദൃശ്യങ്ങൾ ആവശ്യപ്പെടുന്നതെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്.