നോ ‘നോണ്‍ വെജ്’; എയര്‍ ഇന്ത്യയില്‍ ഇക്കണോമി ക്ലാസില്‍ ഇനി മാംസാഹാരമില്ല

0

ആഭ്യന്തര സര്‍വ്വീസുകളിലെ ഇക്കണോമിക് ക്ലാസുകളില്‍ മാംസാഹാരം വിതരണം ചെയ്യുന്നത് എയര്‍ ഇന്ത്യ അവസാനിപ്പിച്ചു. അധിക ചിലവും ഭക്ഷണം പാകം ചെയ്യുന്നതും കുറയ്ക്കാനാണ് നടപടിയെന്ന് എയര്‍ ഇന്ത്യ വിശദീകരിച്ചു.

കഴിഞ്ഞ മാസം പകുതി മുതലാണ് എയര്‍ ഇന്ത്യ പുതിയ പരിഷ്‌കാരം അവതരിപ്പിച്ചത്. ബിസിനസ് ക്ലാസിലും എക്‌സിക്യുട്ടിവ് ക്ലാസിലും ആഭ്യന്തര, രാജ്യാന്തര യാത്രകളില്‍ നോണ്‍ വെജ് ഭക്ഷണം നല്‍കുന്നതു തുടരുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നോണ്‍ വെജ് ഭക്ഷണം സസ്യഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്കു കിട്ടിയ സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ വിമര്‍ശനവും ശക്തമാവുകയാണ്.. ലോ കോസ്റ്റ് എയര്‍ ലൈനുകള്‍ പോലും യാത്രക്കാര്‍ക്ക് ഭക്ഷണം തെരഞ്ഞെടുക്കുന്നതിന് അവസരം നല്‍കുമ്പോള്‍ എയര്‍ ഇന്ത്യയുടെ നടപടി തികച്ചും ഏകപക്ഷീയമാണെന്ന് വിമര്‍ശനം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരില്‍ നിന്ന അഭിപ്രായമൊന്നും സ്വരൂപിച്ചുകൊണ്ടല്ല എയര്‍ ഇന്ത്യ ഇത്തരമൊരു നടപടിലേക്കു പോയത്.

നേരത്തെ 2015 ഡിസംബറില്‍ 90 മിനിറ്റു ദൈര്‍ഘ്യമുള്ള വിമാന സര്‍വ്വീസില്‍ നിന്ന് മാംസഹാരം ഒഴിവാക്കിയ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ തീരുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.അന്താരാഷ്ട്ര ഫ്‌ളെറ്റുകള്‍ക്ക് ഈ തീരുമാനം ബാധകമാവില്ല. പുതിയ തീരുമാനത്തിലൂടെ എയര്‍ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 8 കോടി രൂപ ലാഭിക്കാനാകുമെന്നാണ് കരുതുന്നത്.