പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഒമാനില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തില്ല. ബോഷറില്‍ നിന്നുള്ള മജ്‌ലിസ് ശൂറ അംഗം മുഹമ്മദ് ബിന്‍ സാലിം അല്‍ ബുസൈദിയെ ഉദ്ധരിച്ച് ഔദ്യോഗിക പത്രമായ ഒമാന്‍ ഒബ്‌സര്‍വറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതു സംബന്ധമായ ചര്‍ച്ചകള്‍ അവസാനിച്ചതായും സാലിം അല്‍ ബുസൈദി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു വിവിധ മാര്‍ഗങ്ങളെക്കുറിച്ചു ചര്‍ച്ച നടന്നിരുന്നു. ഈ അവസരത്തിലാണ് വിദേശികള്‍ അയക്കുന്ന പണത്തിന് നിശ്ചിത ശതമാനം നികുതി ഈടാക്കുന്നതിനേക്കുറിച്ചും ആലോചനകള്‍ നടന്നത്. സെൻട്രല്‍ ബാങ്ക് ഓഫ് ഒമാനും ഇതുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ഒരു നീക്കം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് വിവിധ മണി എക്‌സ്‌ചേഞ്ച് അധികൃതര്‍ വ്യക്തമാക്കി. മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇക്കാര്യത്തിൽ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
വിദേശികള്‍ വീസ പുതുക്കുമ്പോൾ ശമ്പളത്തിന്റെ മൂന്നു ശതമാനം വീസാ ചാര്‍ജ് ഈടാക്കാനും നേരത്തെ ആലോചനകള്‍ നടന്നിരുന്നു. മജ്‌ലിസ് ശൂറ അംഗമാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍, ഇക്കാര്യത്തിലും തുടർനടപടികൾ ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷം വിദേശികള്‍ ഒമാനില്‍നിന്ന് അവരുടെ രാജ്യങ്ങളിലേക്ക് അച്ചത് 4,226 ബില്യന്‍ ഒമാനി റിയാലാണ്. മുന്‍ വര്‍ഷം ഇത് 3,961 ബില്യന്‍ ആയിരുന്നു.