![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2023/10/ap22321212757949-9a9f9f0eaf1792c999f7e4ee958b5e920016a9e1-s1100-c50-1.jpg?resize=696%2C521&ssl=1)
സ്റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്. ഗദ്യസാഹിത്യത്തിനും നാടകവേദിക്കും നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം. മനുഷ്യബന്ധങ്ങൾ, സ്വത്വം, അസ്തിത്വവാദം തുടങ്ങിയ വിഷയങ്ങൾക്ക് സാഹിത്യരൂപം നൽകിയ പ്രതിഭ കൂടിയാണ് ജോൺ ഫോസെ. ഡ്രീം ഓഫ് ഒട്ടം, ദി നെയിം തുടങ്ങിയവ അദ്ദേഹം രചിച്ച പ്രധാനപ്പെട്ട നാടകങ്ങളാണ്. ദി അഥർ നെയിം, സെപ്റ്റോളജി തുടങ്ങിയവയാണ് അദ്ദേഹം രചിച്ച പ്രധാനപ്പെട്ട പുസ്തകങ്ങൾ. ഫ്രഞ്ച് എഴുത്തുക്കാരി ആനി എഹ്ന്യുവിനായിരുന്നു കഴിഞ്ഞ വർഷത്തെ സാഹിത്യ നൊബേൽ.
നേരത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം കാറ്റലിൻ കാരിക്കോയ്ക്കും, ഡ്രൂ വൈസ്മാനുമായിരുന്നു നേടിയത്. കൊവിഡ് 19 എംആർഎൻഎ വാക്സീൻ വികസനത്തിലടക്കം നിർണായകമായ ഗവേഷണമായിരുന്നു ഇവർ നടത്തിയത്.
കാറ്റലിൻ കാരിക്കോയുടെ ജന്മദേശം ഹംഗറിയാണ്. ഡ്രൂ വൈസ്മാനാകട്ടെ അമേരിക്കയിലാണ് ജനിച്ചത്. ഇരുവരും പെൻസിൽവാനിയ സർവകലാശാലയിൽ വച്ച് നടത്തിയ ഗവേഷണമാണ് 2023 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന് അർഹമാക്കിയത്. എംആർഎൻഎ വാക്സീനുകളുടെ വികസനത്തിലേക്ക് നയിച്ച ഗവേഷണമാണ് ഇരുവരും ചേർന്ന് നടത്തിയത്. വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം നേടുന്ന പതിമൂന്നാം വനിതയാണ് കാറ്റലിൻ. കാറ്റലിൻ കാരിക്കോയുടെ പുസ്തകം ‘ബ്രേക്കിംഗ് ത്രൂ’ ഈ മാസം പത്താം തീയതി പുറത്തിറങ്ങാനിരിക്കെയാണ് പുരസ്കാര നേട്ടം.