സജീവ രാഷ്ട്രീയത്തിലേക്കില്ല'; നിലപാട് വ്യക്തമാക്കി അച്ചു ഉമ്മന്‍
കോട്ടയം: സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മന്‍. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി അച്ചു ഉമ്മന്‍, സഹോദരന്‍ ചാണ്ടി ഉമ്മന്‍ എന്നിവരിൽ ആര് മത്സരിക്കും എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അച്ചു ഉമ്മന്‍റെ ഈ പ്രസ്താവന.
''ഞാന്‍ എന്നും അപ്പയുടെ തണലിലാണ് ജീവിച്ചിരുന്നത്. ഇനിയും ഉമ്മന്‍ ചാണ്ടിയുടെ മകൾ എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്‍റെ മരണം നടന്ന് ഇത്രയും പെട്ടന്ന് ഇത്തരമൊരു ചർച്ചയിലേക്ക് കടക്കുന്നതിൽ വിഷമമുണ്ട്. കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇക്കാര്യം അറിയിക്കുന്നത്'', അച്ചു ഉമ്മന്‍ പറഞ്ഞു.
തന്‍റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം. വിദേശത്ത് താമസിക്കുന്ന താൻ പൊതുരംഗത്തേക്ക് ഇറങ്ങുക എന്നത് വിദൂര സ്വപ്നത്തിൽ പോലുമില്ലാത്ത കാര്യമാണെന്നും അവർ അറിയിച്ചു. വീട്ടിൽ അപ്പ കഴിഞ്ഞാലുള്ള ഏക രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മനാണെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.