‘പോകുമ്പോൾ ഇതൊന്നും കൊണ്ടുപോകാനാകില്ല’; നൗഷാദിക്കയാണ് താരം

0

കൊച്ചി: ‘‘നമ്മൾ പോവുമ്പോൾ ഇതൊന്നും ഇവിടന്ന് കൊണ്ടോകാൻ പറ്റൂല്ലല്ലോ… കൊടുക്കുന്നതെല്ലാം ദൈവം തിരിച്ചുതന്നോളും’’ സോഷ്യൽ മീഡിയ ആകെ തരംഗം തീർത്ത ലോകത്തെ മൊത്തം ഞെട്ടിച്ച് കൊച്ചി ബ്രോഡ് വേയിലെ വഴിയോര കച്ചവടക്കാരന്‍ നൗഷാദിക്ക പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായവാഗ്ദാനങ്ങളുമായി തന്നെ സമീപിച്ചവരോടു തന്റെ ഗോഡൗണിലുള്ള വസ്ത്രങ്ങൾ മുഴുവൻ നൽകി കൈകൂപ്പി പറഞ്ഞ വാക്കുകളാണിത്.

ഞായറാഴ്ച നടൻ രാജേഷ് ശർമയും സംഘവും നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് എറണാകുളം ബ്രോഡ്‌വേയിൽ വിഭവ സമാഹരണം നടത്തുന്നതിനിടയ്ക്കാണ് നൗഷാദിന്റെ അടുക്കലുമെത്തിയത്. തന്റെയൊപ്പം അവരെയും കൂട്ടി പെരുന്നാൾ കച്ചവടത്തിനായി മാറ്റി വെച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും നൗഷാദ് ചാക്കിൽ നിറച്ചുനൽകി. മുന്നും പിന്നും ചിന്തിക്കാതെ നൗഷാദ് ചെയ്യുന്നതു കണ്ട് രാജേഷ് ശർമ ഫെയ്സ്ബുക്കിലിട്ട ലൈവ് വീഡിയോയാണ് ലോകം മുഴുവൻ നെഞ്ചിലേറ്റിയത്.

സംഭവമറി‍ഞ്ഞ് നടൻമാരായ മമ്മൂട്ടി, ജയസൂര്യ, കലക്ടർ എസ്.സുഹാസ് തുടങ്ങി ഒട്ടേറെപ്പേർ ആദരവറിയിച്ചു. പലരും സ്വീകരണമൊരുക്കി വിളിച്ചു എന്നാൽ അവരോടെല്ലാം നൗഷാദ് പറഞ്ഞത് ഇത്രമാത്രം, . ‘നമ്മൾ ഒന്നും കൊണ്ടുവന്നിട്ടില്ല, പോകുമ്പോൾ ഇതൊന്നും കൊണ്ടുപോകാനും പറ്റില്ല. നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. എന്റെ പെരുന്നാൾ ഇങ്ങനെയാ’.അതെ നൗഷാദ് കാട്ടിത്തന്ന വഴിയാണ് പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കടക്കം പണമൊഴുകാന്‍ പ്രേരണയായത്. മഴ തുടങ്ങിയതോടെ കച്ചവടം വെള്ളത്തിലായ വഴിയോര കച്ചവടക്കാരിലൊരാളാണ് നൗഷാദും. എന്നിട്ടും മനസ്സുനിറഞ്ഞു സഹായിച്ച അദ്ദേഹത്തെ ലോകം മുഴുവൻ വാഴ്ത്തുകയാണ്. സമൂഹമാധ്യമങ്ങളിൽ ഒന്നാകെ അദ്ദേഹത്തെ കുറിച്ചുള്ള മീമുകളാണ്.