രണ്ടായിരത്തോളം ഇന്ത്യക്കാരുടെ എൻആർഐ അക്കൗണ്ട് നിക്ഷേപം സൗദി വാണിജ്യ മന്ത്രാലയം പരിശോധിക്കുന്നു. ഇന്ത്യൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്‍റെ അഭ്യർഥനയെ തുടർന്നാണ് നടപടി.
ഡയറക്ടറേറ്റ് കൈമാറിയ പട്ടികയിന്‍മേല്‍ അന്വേഷണം തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു. ഈ അക്കൗണ്ടുകളുടെ പണമിടപാട് സൂക്ഷ്മമായി പരിശോധിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളോട് സര്‍ക്കുലര്‍ വഴി ആവശ്യപ്പെട്ടു. വരുമാനത്തില്‍ കവിഞ്ഞ നിക്ഷേപം കണ്ടെത്തിയാല്‍ സാമ്പത്തിക കുറ്റം ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ സംശയാസ്പദമായ നിലയില്‍ വന്‍ നിക്ഷേപങ്ങള്‍ ഉണ്ടായ അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്. ഇത്തരം അക്കൗണ്ടുകള്‍ കുറച്ചുകാലമായി ഇന്ത്യന്‍ ധനകാര്യ ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ത്യയില്‍ സാമ്പത്തിക രംഗത്ത് അടുത്തിടെ ഉണ്ടായ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയായാണ് എന്‍ആര്‍ഐ അക്കൗണ്ടുകളും പരിശോധിച്ചത്. ഇടപാടുകളില്‍ വ്യക്തത കുറവുള്ള അക്കൗണ്ടുകളുടെ സ്രോതസ് ഉറപ്പുവരുത്താനാണ് ബന്ധപ്പെട്ട രാജ്യങ്ങളുടെ സഹായം തേടുന്നത്. പരിശോധിച്ച അക്കൗണ്ടുകളില്‍ 2000 ഓളം എണ്ണത്തിന്റെ വിവരങ്ങള്‍ കണ്ടെത്തി നല്‍കാനാണ് സൗദിയോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. അനുകൂലമായി പ്രതികരിച്ച സൗദി വാണിജ്യമന്ത്രാലയം അക്കൗണ്ട് ഉടമകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയക്കുകയായിരുന്നു. വരുമാനത്തില്‍ കവിഞ്ഞ നിക്ഷേപം നടന്നതായി തെളിഞ്ഞാല്‍ അടിയന്തര നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാന്‍ രണ്ടുമാസത്തെ സമയമാണ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അതാത് പ്രവിശ്യകളുടെ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ കമേഴ്‌സ്യല്‍ കമ്മിറ്റികള്‍ പ്രാഥമിക അന്വേഷണത്തിന് നേതൃത്വം നല്‍കും. ക്രമക്കേട് വ്യക്തമായാല്‍ കുറ്റക്കാര്‍ക്ക് എതിരെ സാമ്പത്തിക കുറ്റം ചുമത്തും. സൗദിയിലെ നിയമ നടപടികള്‍ക്ക് ശേഷമേ ഇവരെ ഇന്ത്യക്ക് കൈമാറുകയുള്ളുവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇത്തരം ഇടപാടുകള്‍ക്ക് കൂട്ടു നിന്നവരില്‍ സ്വദേശികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകും