കൊച്ചിയില്‍ പ്രശസ്തമായ ഒബ്‌റോണ്‍ മാള്‍ അധികൃതര്‍ പൂട്ടിച്ചു. അടുത്തിടെ ഇവിടെ ഉണ്ടായ വന്‍തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് മാള്‍ അടച്ചു പൂട്ടിയത്. കോര്‍പ്പറേഷന്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് മാള്‍ പ്രവര്‍ത്തിച്ചിരുന്നത്.
മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തതിനെ തുടര്‍ന്നാണ് മാള്‍ അടച്ചു പൂട്ടിയത്. അഗ്‌നിബാധയെ തുടര്‍ന്ന് മാളില്‍ നടത്തിയ പരിശോധനയില്‍ ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് അടിയന്തരമായി സുരക്ഷാസംവിധാനങ്ങള്‍ മാളിലൊരുക്കാനും അതുവരെ മാള്‍ അടച്ചിടണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോര്‍പ്പറേഷന്‍ മാള്‍ അധികൃതര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ സ്റ്റോപ്പ് മെമ്മോ അവഗണിച്ചും മാള്‍ അധികൃതര്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഈ ഘട്ടത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തില്‍ ഇടപെട്ട ഹൈക്കോടതി ഇതേക്കുറിച്ച് കോര്‍പ്പറേഷനില്‍ നിന്ന് വിശദീകരണം തേടി. ഇതോടെ കോര്‍പ്പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി മാള്‍ അടപ്പിക്കുകയായിരുന്നു. രണ്ടാഴ്ച്ച മുന്‍പാണ് ഒബ്‌റോണ്‍ മാളിലെ നാലാം നിലയില്‍ തീപിടുത്തമുണ്ടായത്. ഫുഡ് കോര്‍ട്ടിലെ ഭക്ഷണശാലകളിലൊന്നില്‍ നിന്നാണ് നാലാം നിലയെ ആകെ നശിപ്പിച്ച അഗ്‌നിബാധയുണ്ടായതെന്നാണ് നിഗമനം.