വാഷിങ്ടൺ: ഇസ്രയേൽ- ഹമാസ് യുദ്ധം തുടരുകയാണെങ്കിൽ എണ്ണ വിലയിൽ അഭൂതപൂർവമായ വർധനവുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ലോകബാങ്ക്. അതു ഭക്ഷ്യ വസ്തുക്കളുടെ വില വർധനയ്ക്കും അതു വഴി വൻ ഭക്ഷ്യ പ്രതിസന്ധിക്കും കാരണമാകും. ലോകബാങ്കിന്‍റെ കമ്മോഡിറ്റി മാർക്കറ്റ്സ് ഔട്ട് ലുക്കിന്‍റേതാണ് മുന്നറിയിപ്പ്. യുദ്ധം ഇനിയും ശക്തമാകാതിരുന്നാൽ എണ്ണ വില വർധന നിയന്ത്രിക്കാനാകുമെന്നും ഇവർ പറയുന്നു.
യുദ്ധം ഇതിലും ശക്തമായി തുടരുകയാണെങ്കിൽ 1973ലേതിനു സമാനമായി ആഗോളതലത്തിൽ എണ്ണയുടെ വിതരണം കുറയും. ആഗോളതലത്തിൽ ദിവസം ഏതാണ്ട് 6 ദശലക്ഷം ബാരൽ മുതൽ ദശലക്ഷം ബാരൽ വരെ എണ്ണ വിതരണം കുറയുമെന്നാണ് കണക്കാക്കുന്നത്. ഇതു മൂലം എണ്ണ വിലയിൽ 56 ശതമാനം മുതൽ 75 ശതമാനം വരെ വർധനവുണ്ടായേക്കാം. ഈ റിപ്പോർട്ടു പ്രകാരം ബാരലിന് 157 ഡോളർ വരെ എണ്ണ വില വിർധിച്ചേക്കാം എന്ന് ലോക ബാങ്കിന്‍റെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ ഇന്‍റർമിറ്റ് ഗിൽ പറയുന്നു. ഇസ്രയേൽ- ഹമാസ് യുദ്ധം തുടരുകയാണെങ്കിൽ ലോകം ഇരട്ട ഊർജ പ്രതിസന്ധിയെയായിരിക്കും അഭിമുഖീകരിക്കേണ്ടി വരുക. ഒന്ന് മധ്യകിഴക്കൻ രാജ്യങ്ങളിൽ നിന്നുള്ളതും മറ്റൊന്ന് യുക്രൈനിൽ നിന്നുള്ളതും.
അത്തരത്തിൽ എണ്ണ വില വർധിച്ചാൽ അതു തീർച്ചയായും അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വിലയെയും ബാധിക്കുമെന്ന് ലോകബാങ്ക് ഡപ്യൂട്ട് ചീഫ് ഇക്കണോമിസ്റ്റ് അയ്ഹാൻ കോസ് പറയുന്നു. ഇപ്പോൾ പല രാജ്യങ്ങളിലും നിലവിലുള്ള ഭക്ഷ്യ വില വർധനയുടെ തോത് അതോടെ ഗണ്യമായി കൂടും. ആഗോളതലത്തിലുള്ള കടുത്ത ഭക്ഷ്യ പ്രതിസന്ധിക്കായിരിക്കും യുദ്ധം വഴി വക്കുകയെന്ന് സാരം. ഹമാസ്- ഇസ്രയേൽ സംഘർഷം തുടങ്ങിയതിനു പുറകേ എണ്ണ വിലയിൽ ആറു ശതമാനം വർധനവുണ്ടായിട്ടുണ്ട്.
ഒരു പക്ഷേ യുദ്ധം കൂടുതൽ കനക്കാതിരിക്കുകയാണെങ്കിൽ അടുത്ത വർഷത്തോടെ എണ്ണ വിലയിൽ ബാരലിന് 81 ഡോളർ വരെ കുറവുണ്ടായേക്കാമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.