ഒമാനിലേക്ക് മെകനു ചുഴലിക്കാറ്റ്; ഏത് നിമിഷവും ആഞ്ഞു വീശുന്ന ചുഴലിക്കൊടുങ്കാറ്റിനെ കാത്ത് ഒമാൻ

0

അറബിക്കടലിൽ രൂപപ്പെട്ട മെക്കുനു ചുഴലിക്കാറ്റ് ഒമാനിൽ നാശം വിതച്ചേക്കും. രാജ്യതലസ്ഥാനമായ സലാലയുടെ 200 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ മെകനു വീശുന്നത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് കാലാവസ്ഥയിലും മാറ്റങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. സലാല ഉള്‍പ്പെടയുള്ള ഒമാന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. 

സലാലയിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സലാലയിലെ നഴ്‌സുമാരോട് ഡ്യൂട്ടിക്ക് വരുമ്പോൾ രണ്ട് ദിവസം താമസിക്കാനുള്ള വസ്ത്രം കൂടി കരുതാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പൊലീസിനും ഫയർ ഫോഴ്‌സിനും ആശുപത്രി ജീവനക്കാർക്കും അവധി നിഷേധിച്ചു. കൊടുങ്കാറ്റ് വന്നു പോകുന്നത് വരെ അടിയന്തിര സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അറബിക്കടലിന്റെ മധ്യഭാഗത്തായി ലക്ഷദ്വീപിനും മാലീ ദ്വീപിനും പടിഞ്ഞാറാണു മെക്കുനു എന്ന തീവ്ര ചുഴലിക്കാറ്റ് രൂപപ്പെട്ടത്. അറബിക്കടലിൽ നിന്നും സലാല ലക്ഷ്യമാക്കിയാണ് കാറ്റ് നീങ്ങുന്നത്.

കടലില്‍ നിന്നും ചുഴലിക്കാറ്റ് കാരണം 8 മീറ്റര്‍ മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സലാല വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ശക്തമായ മഴ കാരണം ഒമാന്റെ വിവിധ മേഖലകളില്‍ വെള്ളക്കെട്ടും അനുഭവപ്പെട്ടു. സദാ, മിര്‍ബാത്ത്, തുംറൈത്ത് എന്നീ പ്രദേശങ്ങളില്‍ മഴയ്ക്കു പുറമെ വലിയ തോതിലുള്ള കാറ്റും അനുഭവപ്പെടുന്നുണ്ട്.