ഒ എൻ വി കുറുപ്പിൻറെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്

0

മലയാളത്തിന്‍റെ പ്രിയകവി ഒ.എന്‍.വി കുറുപ്പ് വിടപറഞ്ഞിട്ട് ഇന്ന് ഒരാണ്ട്.നികത്താനാവാത്തതാണ് ആ വേര്‍പാടെന്ന്് കവിതകളെയും പാട്ടിനെയും സ്‌നേഹിക്കുന്നവര്‍ അറിയാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. ചങ്ങമ്പുഴക്കും പി കുഞ്ഞിരാമന്‍ നായര്‍ക്കും ശേഷം മലയാണ്മയുടെ അനുഭവങ്ങളെ പാടിപ്പൊലിപ്പിച്ച പ്രിയ കവി 1931 മെയ് 27ന് കൊല്ലം ചവറയിലായിരുന്നു ജനിച്ചത്.

ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം അടക്കം 40ലേറെ കവിതാസമാഹാരങ്ങളും എണ്ണിയാല്‍തീരാത്ത ചലച്ചിത്രഗാനങ്ങളും അടക്കം മലയാളികള്‍ക്ക് നിരവധി കാവ്യ ഓര്‍മകള്‍ ബാക്കിവച്ച് കടന്നുപോയ ആ മഹാത്മാവിന് പ്രത്യേകമൊരു അനുസ്മരണം ഒരുക്കേണ്ട ആവശ്യമില്ല മലയാളിക്ക്. എന്നും അദ്ദേഹം നമ്മോടൊപ്പമുണ്ട്.

ഒറ്റ വാക്കിലോ വരിയിലോ വിശേഷിപ്പിക്കാനാവില്ല ഒ.എന്‍.വിയെ. വാക്കില്‍ വിരിഞ്ഞ വസന്തമായിരുന്നു ഒ.എന്‍.വി. അദ്ദേഹത്തിന്‍റെ ഓരോ വരിയും കാലാതീതമായി പുതിയ അര്‍ഥങ്ങളും ആനന്ദവും ആശ്വാസവും പകര്‍ന്ന് അലയടിച്ചുകൊണ്ടേയിരിക്കും.”ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോള്‍ എന്‍്റെ ഏറ്റവും ചൈതന്യവത്തായൊരശം ഞാന്‍ ഇവിടെ ഉപേക്ഷിച്ചു പോകും അതാണെന്‍റെ കവിത’എന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് കവി തന്നെ പറഞ്ഞിരുന്നു. ശരിയാണ്, അദ്ദേഹത്തിന്‍റെ ചൈതന്യാംശമായ കവിത എന്നും പുതിയ പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും ഗാഥകളോതി ഏവരുടെയും ആത്മാവില്‍ മുട്ടിവിളിച്ചുകൊണ്ടേയിരിക്കുന്നൂ.