ഓപ്പറേഷൻ അജയ്’; ആദ്യ വിമാനം ഇസ്രായേലിലേക്ക് തിരിച്ചു

0

ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള ‘ഓപ്പറേഷൻ അജയ്‌യുടെ’ ഭാഗമായുള്ള ആദ്യ വിമാനം ഇസ്രായേലിലേക്ക് തിരിച്ചു. 230 ഇന്ത്യക്കാരുമായി എത്തുന്ന ആദ്യ വിമാനം വെള്ളിയാഴ്ച രാവിലെയോടെയാണ് നാട്ടിലെത്തിക്കുക. വ്യാഴാഴ്ച രാത്രി 9 ന് ടെൽ അവീവിലെ ബെൻഗുറിയോൺ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെടുക. ഇതില്‍ ഭൂരിപക്ഷവും വിദ്യാർഥികളായിരിക്കും. യാത്ര സൗജന്യമായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ദൗത്യത്തിന്‍റെ ഭാഗമായി ഡൽഹിയില്‍ ഉന്നതതല യോഗം നടന്നു. ഇസ്രയേയിലെ ഇന്ത്യൻ അംബാസിഡർ അടക്കം ഓൺലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. എസ് ജയശങ്കറിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഗാസ മേഖലയിൽ പോരാട്ടം ശക്തമാകുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ ഓപ്പറേഷൻ അജയ് ആരംഭിച്ചത്. 18,000 ഇന്ത്യക്കാരെ കൂടാതെ, ഗുജറാത്തില്‍ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ 60,000ല്‍ പരം ഇന്ത്യന്‍ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കുന്നു. അതിനിടെ, ഇസ്രയേലിൽ കുടുങ്ങിയ മലയാളി തീർഥാടകരുടെ ആദ്യ സംഘം കേരളത്തിൽ തിരിച്ചെത്തി.

ഇതുവരെ 2000 ത്തിൽ അധികം പേർ ഇസ്രയേലില്‍ നിന്ന് മടങ്ങാൻ താത്പര്യമറിയിച്ചെന്നാണ് സൂചന. അതേസമയം ജോലിക്കായി ഇസ്രായേലിൽ എത്തിയ മലയാളികളിൽ ഭൂരിപക്ഷവും നിലവിൽ തിരികെ എത്താനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടിലെന്നും വിവരമുണ്ട്. സാഹചര്യം നോക്കി മാത്രമേ തീരുമാനമെടുക്കൂ എന്നാണ് പലരുടെയും നിലപാട്.

ഓപ്പറേഷൻ അജയ് ഒരു നിർബന്ധിത ഒഴിപ്പിക്കൽ അല്ലെന്നും താത്പര്യമുള്ളവരെ മാത്രം തിരികെ കൊണ്ടുവരുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഓപ്പറേഷൻ ദേവി ശക്തി, യുക്രെയ്നിൽ നിന്ന് ഓപ്പറേഷൻ ഗംഗ എന്നീ ദൗത്യങ്ങൾ ഇന്ത്യ മുൻപ് വിജയകരമായി പൂർത്തിയാക്കിയിരുന്നു.