വാഷിങ്ടണ്‍: ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന.അഫ്ഗാനിസ്ഥാനിലും പാകിസ്താനിലുമായി അമേരിക്ക നടത്തിയ ഓപ്പറേഷനിലാണ് ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഹംസ ബിന്‍ലാദന്റെ മരണം അല്‍ ഖ്വയ്ദയെ ഇല്ലാതാക്കാന്‍ സഹായകമാകുമെന്നും ഹംസ ബിന്‍ലാദന്‍ വിവിധ തീവ്രവാദ സംഘടനകളുടെ ഭാഗമായിരുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി സി.എന്‍.എന്‍ ജൂലൈ 31ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്‍.ബി.സി. ന്യൂസ്, ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് അമേരിക്കന്‍ പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്ന് വാര്‍ത്ത പുറത്തുവിട്ടത്.
അതേസമയം, കൊല്ലപ്പെട്ടത് എന്നാണെന്നോ എവിടെവെച്ചാണെന്നോ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നില്ല. രണ്ടുവര്‍ഷത്തിനിടെ യു.എസ്. ഇടപെട്ട് നടത്തിയ ഒരു ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടെങ്കിലും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.
2011 മേയ് രണ്ടിന് അബൊട്ടബാദില്‍ യു.എസ് സൈന്യം നടത്തിയ ഓപറേഷനില്‍ ബിന്‍ലാദന്‍ കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ കൈരിയ സബറിന്റെ മകനാണ് ഹംസസൗദിയ്‌ക്കെതിരെയും യു.എസ്, യു.കെ, ഫ്രാന്‍സ്, ഇസ്രഈല്‍ രാഷ്ട്രങ്ങള്‍ക്കെതിരെയും യുദ്ധം നടത്തുമെന്ന് ഹംസ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ ഹംസയുടെ പൗരത്വം സൗദി റദ്ദാക്കിയിരുന്നു. ഹംസ എവിടെയുണ്ടെന്നു പറഞ്ഞുകൊടുക്കുകയോ കുറഞ്ഞത് സൂചന നല്‍കുകയോ ചെയ്താല്‍ ഒരു മില്യണ്‍ യു.എസ് ഡോളറാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വാഗ്ദാനം ചെയ്തിരുന്നു.
30 വയസ്സുണ്ടെന്നു കരുതുന്ന ഹംസ സെപ്റ്റംബര്‍ 11-ലെ ആക്രമണത്തിനു മുന്‍പുവരെ അഫ്ഗാനിസ്ഥാനിലായിരുന്നു. തുടര്‍ന്നാണ് അല്‍ഖ്വെയ്ദയുടെ നേതൃത്വത്തിലേക്കു വരുന്നത്. ഇതിനിടെ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മുഹമ്മദ് അത്തയുടെ മകളെ ഹംസ ബിന്‍ലാദന്‍ വിവാഹം ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
പിതാവിന്റെ മരണത്തിനു പ്രതികാരമായി യു.എസിനും സഖ്യരാഷ്ട്രങ്ങള്‍ക്കുമെതിരേ ഹംസ ആക്രമണങ്ങള്‍ക്ക് ആഹ്വാനംചെയ്യുന്ന ശബ്ദ, വീഡിയോ സന്ദേശങ്ങള്‍ യു.എസ്. നേരത്ത പുറത്തുവിട്ടിരുന്നു.