ശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇന്നും മനുഷ്യന് വിവരിക്കാന്‍ സാധിക്കാത്ത പലതും ഭൂമിയില്‍ ശേഷിക്കുന്നുണ്ടോ ? ചിലതിനൊക്കെ ഉണ്ടെന്നു തന്നെ ഉത്തരം നല്‍കാം. 1895 ൽ നിർമിക്കപ്പെട്ട ഓവർട്ടോൺ പാലം ഇത്തരത്തില്‍ ഒന്നാണ്.
സ്കോട്ട്ലാഡിലെ ഗ്ളാസ്ഗോ പട്ടണത്തിൽ നിന്നും ഏതാണ്ട് അര മണിക്കൂർ വണ്ടിയോടിച്ചാൽ 19 ആം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഒരു കൊട്ടാരത്തിലെത്താം. പേര് ഓവർട്ടോൺ ഹൌസ്. കഴിഞ്ഞ 160 വർഷത്തെ ചരിത്രത്തിൽ രണ്ടാം ലോക മഹായുദ്ധത്തിൽ രക്ഷപ്പെടുത്തപ്പെട്ട പട്ടാളക്കാർക്കുള്ള അഭയസ്ഥാനമായും ആശുപത്രിയായും സിനിമാ സെറ്റായുമൊക്കെ ഓവർട്ടോൺ ഹൌസ് വേഷമിട്ടിട്ടുണ്ട്.എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അസാധാരണമായ ചില സംഭവവികാസങ്ങൾക്ക് ഈ ഭീമൻ പാലം സാക്ഷ്യം വഹിക്കാൻ തുടങ്ങി. പാലത്തിലൂടെ സഞ്ചരിക്കുന്ന പട്ടികൾ യാതൊരു കാരണവുമില്ലാതെ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നു. കഴിഞ്ഞ 50 വർഷത്തിനിടെ 600 ഓളം പട്ടികളാണ് പാലത്തിൽ നിന്നും ചാടി ആത്മഹത്യാ ശ്രമം നടത്തിയത്. ഇതിൽ 50 പട്ടികൾ മരണപ്പെട്ടു. രക്ഷപെട്ടവരിൽ ചിലർ രണ്ടാമതും പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.പാലത്തിൽ നിന്നുള്ള ഈ ചാട്ടങ്ങൾക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. പാലത്തിനടിയിലെ കൂർത്തിരിക്കുന്ന പാറക്കൂട്ടങ്ങളിലേക്കാണ് പട്ടികളെല്ലാം ചാടിയത്. എല്ലാ പട്ടികളും ചാടിയത് പാലത്തിന്റെ വലതു വശത്തുള്ള അവസാനത്തെ രണ്ടു കൊത്തളങ്ങൾക്കിടയിൽ നിന്നാണ്.
പട്ടികൾ പക്ഷേ ആത്മഹത്യ ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് ശാസ്ത്രം പറയുന്നത്. മൃഗങ്ങൾക്ക് തന്റെ ജീവിതം സ്വയം അവസാനിപ്പിക്കാൻ തക്ക ബൗദ്ധികനിലവാരമില്ലെന്ന് ശാസ്ത്രം അടിവരയിടുന്നു. മാത്രമല്ല, മരണമടുത്ത മൃഗങ്ങൾ വളരെ ശാന്തമായി തങ്ങളുടെ അവസാനകാലം കഴിച്ചു കൂട്ടാൻ ആഗ്രഹിക്കുന്നവരാണ്. ഇങ്ങനെ കുതിച്ചു ചാടാനും ആത്മഹത്യ ചെയ്യാനും മാത്രം അവരിൽ പരിണാമം സംഭവിച്ചിട്ടില്ല.
2005ൽ ഓവർട്ടോൺ പാലത്തിന്റെ നിഗൂഢതകളെപ്പറ്റി പഠിക്കാൻ മൃഗഡോക്ടറായ ഡോക്ടർ ഡേവിഡ് സാൻസ് ഒരു ഡോക്യുമെന്ററി ക്രൂയോടൊപ്പം പുറപ്പെട്ടു. ചാട്ടങ്ങൾ നടന്ന അതേ സ്ഥലത്ത് ഡേവിഡ് നിലയുറപ്പിച്ചു. തലച്ചോറിൽ എന്തൊക്കെയോ കുഴഞ്ഞു മറിയുന്നു. വിചിത്രമായ എന്തോ സംഭവിക്കുന്നത് പോലെ എന്നാണു അന്നത്തെ അനുഭവത്തെ കുറിച്ചു അദ്ദേഹം കുറിച്ചത്.
എന്നാല്‍ അടുത്തുള്ള ഫാസ്‌ലൈൻ ന്യൂക്ലിയർ ബേസിൽ നിന്നും വരുന്ന തരംഗങ്ങളാണ് പട്ടികളുടെ ആത്മഹത്യക്ക് കാരണം എന്നും ചിലര്‍ പറയുന്നു . മറ്റൊരു സാധ്യത പാലത്തിനടിയിൽ അധിവസിക്കുന്ന എണ്ണമറ്റ നീർനായകളുടെയും അണ്ണാന്മാരുടെയും ചുണ്ടെലികളുടെയും മണം പിടിച്ചു അവയെ പിടിക്കാന്‍ പട്ടികള്‍ താഴേക്ക് ചാടുന്നതാകാം എന്നാണ്. എന്നാല്‍ ഇതിനും സ്ഥിരീകരണം ഇല്ല. എങ്കിലും ചോദ്യങ്ങൾ അവസാനിക്കുന്നില്ല. എന്തു കൊണ്ട് പട്ടികൾ ചാടാൻ പാലത്തിലെ കൃത്യമായ സ്ഥലം തെരഞ്ഞെടുക്കുന്നു? ഉത്തരം ഇപ്പോഴും കൃത്യമല്ല.