ചിദംബരത്തിന് ജാമ്യമില്ല; നാലു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു

0

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ അഴിമതിക്കേസില്‍ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പി. ചിദംബരത്തെ പ്രത്യേക കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച (ഓഗസ്റ്റ് 26) വരെ കസ്റ്റഡിയിൽ തുടരും. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലായിരുന്നു കോടതി വിധി. ചിദംബരത്തിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് കോടതിയിൽ സിബിഐ വാദിച്ചിരുന്നു. ജസ്റ്റിസ് അജയ് കുഹാർ ആണ് കേസ് പരിഗണിച്ചത്.

ചിദംബരം അന്വേഷണത്തോട് സഹകരിക്കുന്നില്ല. കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ കസ്റ്റഡിയിൽ വേണം. ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചതിന് ശേഷമാണ് അറസ്റ്റു ചെയ്തതെന്നും സിബിഐയ്ക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു. വ്യക്തമായ കള്ളപ്പണം വെളുപ്പിക്കിലാണ് ഈ കേസിൽ നടന്നത്. ചിദംബരം അധികാര ദുർവിനിയോഗം നടത്തി. ചിദംബരത്തെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള വാദത്തിലാണ്‌ സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

ചിദംബരത്തിനു വേണ്ടി കപിൽ സിബലും അഭിഷേക് മനു സിങ്‌‌വിയും വാദിച്ചു. ഇതേ കേസിൽ രണ്ടു പേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ചിദംബരത്തെ വേട്ടയാടുകയാണ്. കേസിൽപ്പെട്ട ഉദ്യോഗസ്ഥരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. കസ്റ്റഡിയിൽ എടുത്തെങ്കിലും ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ മാത്രം. കുറ്റപത്രത്തിന്‍റെ കരട് തയാറായെങ്കിൽ കസ്റ്റഡി എന്തിനെന്നും പണമിടപാട് നടന്നതിന് എന്ത് തെളിവാണുള്ളതെന്നും കപിൽ സിബൽ വാദം ഉന്നയിച്ചു.

അതിനിടെ, സോളിസിറ്റർ ജനറലിന്‍റെ എതിർപ്പ്​ മറികടന്ന്​ പി. ചിദംബരത്തിന്​ സംസാരിക്കാനും കോടതി അനുമതി നൽകി. തനിക്ക്​ വിദേശത്ത്​ ബാങ്ക്​ അക്കൗണ്ട്​ ഇല്ല. മകൻ കാർത്തിക്ക്​ വിദേശത്ത്​ ബാങ്ക്​ അക്കൗണ്ട്​ തുടങ്ങാൻ അനുമതി ഉണ്ട്​. ഇക്കാര്യങ്ങളെല്ലാം സിബിഐയോട്​ വിശദീകരിച്ചിട്ടുണ്ട്. സിബിഐ ഇന്നു ചോദിച്ച 12 ചോദ്യങ്ങളിൽ ആറ് എണ്ണവും കഴിഞ്ഞ ഓഗസ്റ്റിൽ തന്നോടു ചോദിച്ചതു തന്നെയാണെന്നും ചിദംബരം പറഞ്ഞു. ചിദംബരത്തിന്‍റെ ഭാര്യ നളിനി ചിദംബരവും മകൻ കാർത്തി ചിദംബരവും കോടതിയിലെത്തിയിരുന്നു.