കോൺഗ്രസിൽ തിരിച്ചെടുക്കണം; കെപിസിസിക്ക് കത്തയച്ച് പത്മജ വേണുഗോപാൽ
തിരുവനന്തപുരം: കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മജ വേണുഗോപാൽ കെപിസിസിക്ക് കത്തയച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും കത്ത് നൽകിയിട്ടുണ്ട്. ഈമെയിൽ വഴിയാണ് ആവശ്യം അറിയിച്ചത്.
മുൻ പരാമർശങ്ങളിൽ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നതായും, തെറ്റുപറ്റിപോയെന്നും കത്തിൽ പത്മജ പറഞ്ഞു. ഈമാസം 19-നാണ് ബിജെപി വിട്ടതായി പത്മജ വേണുഗോപാൽ അറിയിച്ചത്. ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും ആ തെറ്റ് തിരുത്തുകയാണെന്നും അവർ വ്യക്തമാക്കിയിരുന്നു.
എന്നാൽ പത്മജയുടെ മടങ്ങിവരവിനോട് യുവനേതാക്കളടക്കം എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. അതേസമയം ബിജെപി വിട്ട പത്മിനി തോമസ് തിരുവനന്തപുരത്തെ ഇന്ദിരാഭവനിലെത്തി ഇന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് പ്രവേശനം ആവശ്യപ്പെട്ട് കത്തു നൽകി. ബിജെപിയിൽ പോയത് തൻ്റെ എടുത്തുചാട്ടമായിപ്പോയെന്നും സ്വന്തം കുടുംബമായ കോൺഗ്രസിലേക്ക് തിരിച്ചുവരികയാണെന്നും പത്മിനി തോമസ് പ്രതികരിച്ചു.