ഈ വരകള്‍ പറയുന്നത് പുതിയ തലങ്ങളാണ്. അതുകൊണ്ട് ഈ വര്‍ണ്ണ ചിത്രങ്ങള്‍ക്ക് പറക്കാന്‍ ചിറകുകള്‍ കിട്ടി. ആദ്യം ഇന്ത്യയില്‍ നിന്നും സിംഗപ്പൂരിലേക്ക്, ഇപ്പോള്‍ സിംഗപ്പൂരില്‍ നിന്നും ദുബായ് നഗരത്തിന്‍റെ വര്‍ണ്ണ ലോകത്തേക്ക്.
ഇതൊരു ചിത്രകാരിയുടെ ആത്മവിശ്വാസത്തിന്‍റെയും കലാ ബോധത്തിന്‍റെയും പുതിയ ചിത്രമാണ്. ജലീല നിയാസ് എന്ന മലയാളി ചിത്രകാരിയുടെ വേറിട്ട നിറവിന്യാസങ്ങുടെ കഥ. കാലിഗ്രാഫി എന്ന ചിത്രകലാ രൂപത്തില്‍ വേരുറപ്പിച്ച് വിജയത്തിന്‍റെ മന്ത്രവുമായി രാജ്യാന്തരതലത്തില്‍ മുന്നേറുന്ന ചിത്രകാരി.
സിംഗപ്പൂര്‍ വര്‍ണ്ണം ആര്‍ട്ട് എക്സിബിഷനില്‍ കാലിഗ്രാഫി പെയിന്റിംഗ് വിഭാഗത്തിലെ ഏക സാന്നിധ്യമായ ജലീല, സിംഗപ്പൂരില്‍ നടന്ന മറ്റു നിരവധി പ്രദര്‍ശനങ്ങളുടെ ഭാഗമായി.
ഇപ്പോള്‍ ദുബായില്‍ നടക്കുന്ന വേള്‍ഡ് ആര്‍ട്ട് ദുബായ് 2016 , എക്സിബിഷന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് ഈ കലാകാരി. ഈ മാസം 6 നു തുടങ്ങിയ പ്രദര്‍ശനം 9 വരെ നടക്കും. ഇതാദ്യമായാണ് ഇന്ത്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറത്തു ജലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഓസ്ട്രെലിയ, ജപ്പാന്‍, ജര്‍മ്മനി, ഫ്രാന്‍സ്, സിംഗപ്പൂര്‍, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളിലെ ചിത്രകാരന്മാര്‍ ഈ ചിത്രമേളയില്‍ പങ്കാളികളാകും. സിംഗപ്പൂര്‍ ആസ്ഥാനമായ ഗ്യാനി ആര്‍ട്ട് ഗ്യാലറിയുടെ ഭാഗമായാണ് ജലീല വേള്‍ഡ് ആര്‍ട്ട് ദുബായ് 2016 ന്‍റെ ഭാഗമാകുന്നത്.
കാലിഗ്രാഫി ചിത്രകലയിലെ വേറിട്ട ദൃശ്യകലയായി കരുതപ്പെടുന്നു. അക്ഷരങ്ങളും വാക്കുകളും വരികളും വരയുടെ ആകാര ഭംഗിയോടെ ചിത്രീകരിക്കുന്ന ഈ കലാരീതി പല രാജ്യങ്ങളിലും നിലവിലുള്ളതായി കാണാം. ചൈനീസ്, അറബിക്, ജാപ്പനീസ്, കൊറിയന്‍, മഗോളിയന്‍, പേര്‍ഷ്യന്‍, ടിബറ്റന്‍, വെസ്റ്റേണ്‍ രീതികള്‍ കാലിഗ്രാഫിയില്‍ പിന്‍തുടരുന്നു.
അറബിക് കാലിഗ്രഫിയെ ചിത്രകലയുമായി ചേര്‍ത്തു കൂടുതല്‍ ദൃശ്യ മനോഹരമാക്കുന്ന രചനാ രീതിയാണ് ജലീല നിയാസ് ഉപയോഗിക്കുന്നത്. അതില്‍ ത്രിമാന രൂപ ഭംഗി നല്‍കി അതിനെ വ്യത്യസ്തമാക്കുന്ന ഏക കലാകാരിയും. അറബിക് കലിഗ്രഫിയോടൊപ്പം റിയല്‍ ലൈഫ് ത്രിമാന ചിത്രങ്ങള്‍ എന്ന വേറിട്ട ചിത്ര രചനാരീതിയും ജലീല നിയാസിന്‍റെ സ്വന്തം . മരങ്ങളും പൂക്കളും പൊയ്കകളും വ്യത്യസ്ത നിറ ഭംഗിയില്‍ ക്യാന്‍വാസ്സില്‍ പുതിയ കാഴ്ച നല്‍കുന്നു.
മറ്റു ചിത്രരചനാ മാര്‍ഗ്ഗങ്ങളില്‍ നിന്ന് വേറിട്ട ഒരു രീതി സ്വയം രൂപപ്പെടുത്തിയാണ് ജലീല രചന നടത്തുന്നത്. വചനങ്ങളും വാക്യങ്ങളും നിറചാര്‍ത്തിന്‍റെ പ്രതലത്തില്‍ സ്വാഭാവിക നിഴല്‍ വീഴ്ത്തി നില്‍ക്കുന്നുവെന്നത് ഈ ചിത്രങ്ങളില്‍ മാത്രം കാണാന്‍ പറ്റുന്ന കാവ്യഭംഗിയാണ്. മിക്സെഡ് മീഡിയ വിഭാഗത്തില്‍ എങ്കിലും ത്രിമാന നിര്‍മ്മിതിക്ക് മറ്റു മീഡിയങ്ങള്‍ കൂടി രചനയുടെ ഭാഗം ആകുന്നു. ജലീലയുടെ ചിത്രങ്ങള്‍. സിംഗപ്പൂര്‍ പ്രദര്‍ശനങ്ങളില്‍ വിറ്റ് പോകുന്നു എന്നത് ഇതിന്‍റെ ജനപ്രിയതെയാണ് കാണിക്കുന്നത്. ത്രിമാന കാലിഗ്രാഫി ചെയ്യുന്ന മറ്റാരുമില്ല എന്നതും ജലീല ചിത്രങ്ങള്‍ക്ക് പ്രിയം ഏറ്റുന്നു.
സിംഗപ്പൂര്‍ വര്‍ണ്ണത്തില്‍ മൂന്നു വര്‍ഷമായി ജലീല ഭാഗമാണ്. കൂടാതെ “ദ എന്‍ലൈറ്റെണ്ട് വണ്‍” ഉള്‍പ്പെടെ നിരവധി പ്രദര്‍ശനങ്ങളുടെയും ഭാഗമായി, ജലീല ചിത്രങ്ങള്‍. 2015 നവംബറില്‍ തിരുവനന്തപുരത്ത് നവ 28 മുതല്‍ ഡിസംബര്‍ 2 വരെ സൂര്യകാന്തി ആര്‍ട്ട് ഗാലറിയില്‍ “നേച്ചര്‍ ആന്‍ഡ് ഡിവ്യനിറ്റി” എന്ന പേരില്‍ സോളോ പ്രദര്‍ശനം നടത്തി.
ദുബായ് വേള്‍ഡ് ട്രേഡ് സെന്‍റെറിലെ ഷെയ്ക്ക് സയീദ് ഹാള്‍ 3 ലെ ഗ്യാനി ആര്‍ട്സ് ബൂത്ത് 24 ല്‍ ജലീല ചിത്രങ്ങള്‍ കാണാം. ഉച്ചക്ക് രണ്ടു മുതല്‍ 9 വരെ യാണ് പ്രദര്‍ശനം നടക്കുക. ഈ കാണുന്ന ലിങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം :http://bit.ly/1P8u4Te