ടിയാൻഗോങിലേക്ക് പാക് ബഹിരാകാശ സഞ്ചാരി; ആദ്യ വിദേശ ദൗത്യത്തിന് ചൈനയുടെ നീക്കം
ബെയ്ജിങ്: ചൈനയിലെ ബഹിരാകാശ സഞ്ചാരി പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തുന്ന രണ്ട് പാക്കിസ്ഥാൻ ബഹിരാകാശ സഞ്ചാരികൾ ഉടൻ ചൈനീസ് ബഹിരാകാശ നിലയമായ ടിയാൻഗോങിൽ ദൗത്യങ്ങളിൽ പങ്കെടുക്കുമെന്ന് ചൈന. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് പാക്കിസ്ഥാനിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരികളെ ആദ്യ വിദേശ അതിഥികളായി അയയ്ക്കാനുള്ള പദ്ധതി ചൈന കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ഏപ്രിലിൽ ചൈന മാൻഡ് സ്പേസ് ഏജൻസി മുഹമ്മദ് സീഷാൻ അലി, ഖുറം ദാവൂദ് എന്നീ രണ്ട് പാക്കിസ്ഥാൻ സ്വദേശികളെ ബഹിരാകാശ ദൗത്യ പരിശീലനത്തിനായി തെരഞ്ഞെടുത്തിരുന്നു. ഇരുവരും ചൈന ആസ്ട്രോനട്ട് റിസർച്ച് ആൻഡ് ട്രെയിനിങ് സെന്‍ററിൽ പരിശീലനം നടത്തിവരികയാണ്.
“രണ്ട് പാക്കിസ്ഥാൻ ബഹിരാകാശ സഞ്ചാരികൾ നിലവിൽ ബഹിരാകാശ സഞ്ചാരി പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തുന്നുണ്ട്. സമീപഭാവിയിൽ അവർ നമ്മുടെ ബഹിരാകാശ സഞ്ചാരികൾക്കൊപ്പം ചൈനീസ് ബഹിരാകാശ നിലയത്തിൽ ദൗത്യങ്ങളിൽ പങ്കെടുക്കും”- ചൈനയുടെ ബഹിരാകാശ പദ്ധതിയുടെ ഡെപ്യൂട്ടി ചീഫ് ഡിസൈനർ യാങ് ലിവെയ് പറഞ്ഞു. ചൈനയുടെ പുതിയ കാലഘട്ടത്തിലെ ബഹിരാകാശ പര്യവേക്ഷണ പദ്ധതികളെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു യാങിന്‍റെ പ്രതികരണം.
ആവശ്യമായ എല്ലാ പരിശീലനങ്ങളും പൂർത്തിയാക്കിയാൽ രണ്ട് പാക്കിസ്ഥാൻ ബഹിരാകാശ സഞ്ചാരികളിൽ ഒരാൾ ‘പേലോഡ് സ്പെഷ്യലിസ്റ്റ്’ ആയി ബഹിരാകാശ ദൗത്യത്തിൽ പങ്കെടുക്കുമെന്ന് ചൈന മാൻഡ് സ്പേസ് ഏജൻസി ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ വിദേശ ബഹിരാകാശ സഞ്ചാരിയെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാകും.
അതേസമയം പാക്കിസ്ഥാനും ചൈനയും തമ്മിൽ ഒന്നിക്കുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. ഇരു രാജ്യങ്ങളും ഇന്ത്യയുമായി അതിർത്തി തർക്കം അടക്കമുള്ള വിഷയങ്ങളിൽ പ്രശ്നം നിലനിൽക്കുകയാണ്.