‘അയാള്‍ എന്നെ ബലാത്സംഗം ചെയ്തു’: മീ ടൂ വെളിപ്പെടുത്തലുമായി സംവിധായകന്‍

0

മീടൂ ആരോപണവുമായി പാകിസ്ഥാനി സംവിധായകന്‍ രംഗത്ത്. 13 വര്‍ഷം മുന്‍പ് താന്‍ ബലാത്സംഗത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ ജാമി (ജംഷേദ് മുഹമ്മദ്). മാധ്യമലോകത്തെ പ്രമുഖനാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും ജാമി ടീറ്റില്‍ വ്യക്തമാക്കി.

അയാളെ താന്‍ നല്ല സുഹൃത്തായാണ് കണ്ടതെന്നും എന്നാല്‍ ഇന്നേക്ക് 13 വര്‍ഷം മുമ്പ് അയാള്‍ തന്നെ ബലാത്സംഗം ചെയ്തു എന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ബലാത്സംഗത്തെക്കുറിച്ച്‌ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടും ആരും ഗൗരവമായി എടുത്തില്ല. അവരുടെ മുന്നില്‍ ഞാന്‍ കോമാളിയാവുകയായിരുന്നു. എന്നാല്‍ ആറു മാസത്തെ ചികിത്സക്ക് ശേഷമാണ് ഷോക്കില്‍നിന്ന് കരകയറിയതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അയാള്‍ മാധ്യമരംഗത്തെ പ്രമുഖനാതുകൊണ്ടാണ് അയാളെക്കുറിച്ച്‌ തുറന്നു പറയാന്‍ മടിച്ചതെന്നും ജാമി കൂട്ടിച്ചേര്‍ത്തു. ഇന്നും ആ പേര് പറയാന്‍ തനിക്ക് ധൈര്യമില്ലെന്നും പറഞ്ഞ ജാമി തന്റെ പിതാവ് മരിച്ചപ്പോള്‍ ഇയാള്‍ വീട്ടില്‍ വന്നിരുന്നുവെന്നും അന്ന് അച്ഛനെക്കുറിച്ച്‌ ഓര്‍ത്ത് കരയുന്നതിന് പകരം ഇയാളെ പേടിച്ച്‌ വീട്ടില്‍ ഒളിക്കുകയാണ് ചെയ്തതെന്നും പങ്കുവച്ചു.

അച്ഛന്റെ വിയോഗത്തില്‍ ദുഃഖിച്ചിരിക്കുന്ന അമ്മയോട് അയാളെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ പറയേണ്ടി വന്നു. തുറന്നു പറഞ്ഞതിന്റെ പേരില്‍ തനിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയരുമെന്ന് അറിയാമെന്നും ആത്മഹത്യാ പരമാണെന്ന് അറിഞ്ഞുകൊണ്ടാണ് തുറന്നുപറയുന്നതെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലെ കുറിപ്പിലൂടെ വ്യക്തമാക്കി.

മീ ടൂ ആരോപണം ഉന്നയിക്കുന്നവരെ പാകിസ്താനില്‍ സംശയത്തോടെ കാണുന്ന പശ്ചാത്തലത്തിലാണ് മീ ടൂവിന് പിന്തുണയുമായി താന്‍ സ്വന്തം അനുഭവം തുറന്നുപറഞ്ഞത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥിനി വ്യാജ മീടു ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് അധ്യാപകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസാത്നില്‍ മീ ടൂ വെളിപ്പെടുത്തലുകള്‍ക്കെതിരെ വിമര്‍ശനമുണ്ടായത്. ജാമിയുടെ വെളിപ്പെടുത്തല്‍ പാകിസ്താനില്‍ വിവാദമായിരിക്കുകയാണ്.