പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാകും; ജയലളിതയുടെ മരണത്തില്‍ അനുശോചിച്ച് കേരളത്തിലെ സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

0

നിലവിലെ ധനമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായ ഒ.പനീര്‍സെല്‍വം മുഖ്യമന്ത്രിയായി ഇന്നലെ അര്‍ധരാത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജയലളിതയുടെ മരണവിവരം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ മുഴുവന്‍ അണ്ണാഡിഎംകെ എംഎല്‍എമാരെയും ആശുപത്രിയിലേക്ക് വിളിപ്പിച്ച് പനീര്‍സെല്‍വത്തിന്റെ നേതൃത്വം സംബന്ധിച്ചുള്ള സമ്മതം എല്ലാവരില്‍ നിന്നും ഒപ്പിട്ടു വാങ്ങുകയായിരുന്നു. തുടര്‍ന്നായിരുന്നു സത്യപ്രതിജ്ഞ.

അതേസമയം ജയലളിതയുടെ മരണത്തില്‍ അനുശോചിച്ച് കേരളത്തിലും ഇന്ന് അവധി. സർക്കാർ ഒാഫിസുകൾക്കും പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.ജയയുടെ മരണത്തെ തുടർന്ന് കേരളത്തിലും അതീവ ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്. കെഎസ്ആർടിസി വാഹനങ്ങൾ തമിഴ്നാട് അതിർത്തി വരെ മാത്രമേ പോകുകയുളളു. ശബരിമല ഉൾപ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. കെഎസ്ആർടിസി വാഹനങ്ങൾ തമിഴ്നാട് അതിർത്തി വരെ മാത്രമേ പോകുന്നുള്ളൂ. എല്ലാ ജില്ലകളിലും ജാഗ്രത പുലർത്തണമെന്നും അതിർത്തി ജില്ലകളിലുള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്നും എസ്പിമാർക്കും കമ്മിഷണർമാർക്കും ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾ കഴിയുമെങ്കിൽ തിരികെ നാട്ടിലെത്തണമെന്നു നിർദേശിച്ചിട്ടുണ്ട്.തമിഴ്നാട്ടിൽ ഏഴു ദിവസത്തെ ദുഃഖാചരണവും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മൂന്നു ദിവസം അവധിയും പ്രഖ്യാപിച്ചിരുന്നു.