പഞ്ചവാദ്യത്തെക്കുറിച്ച് കേള്‍ക്കാത്തവരും അറിയാത്തവരുമായി ആരുംതന്നെ ഉണ്ടാവാനിടയില്ല. അടിസ്ഥാനപരമായി ക്ഷേത്ര വാദ്യകലയായ പഞ്ചവാദ്യത്തില്‍, തിമില, മദ്ദളം, കൊമ്പ്, ഇടയ്ക്ക, ഇലത്താളം എന്നീ അഞ്ച് വാദ്യോപകരണ ങ്ങളാണ് ഉപയോഗിക്കുന്നത്. പ്രധാനമായും, ക്ഷേത്രങ്ങളിലെ കലശാഭിഷേകകങ്ങളോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ ഒരു അനുഷ്ഠാനവാദ്യമായി പഞ്ചവാദ്യം ഉപയോഗിച്ചുവരുന്നു.
പഞ്ചവാദ്യത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചും വാദനരീതികളെക്കുറിച്ചും നിലവില്‍ പല വാദമുഖങ്ങളും ഉണ്ടെങ്കിലും ഇതിന്‍റെ ആദിഗുരു സ്ഥാനീയരായി കാണുന്നത് തിരുവില്വാമല വെങ്കിച്ചൻ സ്വാമി, അന്നമനട പീതാംബരമാരാർ, അന്നമനട അച്യുതമാരാർ, അന്നമനട പരമേശ്വരമാരാർ, പട്ടാരത്ത് ശങ്കരമാരാർ എന്നിവരെയാണ്.
പഞ്ചവാദ്യത്തിൽ ഓരോ വാദ്യവിഭാഗത്തിനും അവയുടെ സ്ഥാനം കൃത്യമായി നിർണയിച്ചിട്ടുണ്ട്. വിധിപ്രകാരം തിമിലക്കാരും മദ്ദളക്കാരും മുഖാമുഖം ഒന്നാംനിരയിൽ അണിനിരക്കുന്നു. തിമിലയ്‌ക്കു പിന്നിൽ ഇലത്താളക്കാരുടെ സ്ഥാനമാണ്. കൊമ്പുകാരുടെ സ്ഥാനം മദ്ദളക്കാര്‍ക്ക് പിന്നിലാണ്. ഈ നാല് വാദ്യനിരയുടെ രണ്ടറ്റത്ത്, തിമിലയ്‌ക്കും മദ്ദളത്തിനും ഇടയ്‌ക്ക് മധ്യഭാഗത്തായി ഇടയ്‌ക്ക വായിക്കുന്നവർ നിലകൊളളുന്നു.
കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഉത്സവങ്ങള്‍ക്ക് സാധാരണയായി പഞ്ചവാദ്യം അവതരിപ്പിക്കാറുണ്ടെങ്കിലും ഏറ്റവും പ്രശസ്തമായവ, തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് തിരുവമ്പാടി ക്ഷേത്രസംഘം അവതരിപ്പിക്കുന്ന “മഠത്തിൽ വരവ്” എന്ന പഞ്ചവാദ്യവും തൃപ്പൂ ണിത്തുറ ശ്രീ പൂർണത്രയേശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനോട നുബന്ധിച്ചുള്ള പഞ്ചവാദ്യവും ആണ്.
കേരളത്തിലെ ഇന്നത്തെ ഒട്ടുമിക്ക പ്രധാന പഞ്ചവാദ്യവേദികളിലെല്ലാം നിറസാന്നിധ്യമാണ് പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍. തിരുവമ്പാടിയുടെ “മഠത്തില്‍ വരവ്” പഞ്ചവാദ്യത്തിലും തുടര്‍ന്ന് പാറമേക്കാവ് പഞ്ചവാദ്യത്തിലും പതിറ്റാണ്ടുകളോളം അംഗമായിരുന്ന തങ്കപ്പന്‍ മാരാര്‍ 2017 മുതല്‍ പാറമേക്കാവ് പഞ്ചവാദ്യത്തില്‍ പ്രാമാണിത്വം വഹിക്കുന്നു.
വാദ്യകുലപതിയായിരുന്ന പൊറത്തുവീട്ടില്‍ നാണുമാരാരുടെയും മഠത്തില്‍ മാരാത്ത് അമ്മു മാരസ്യാരുടെയും പുത്രനായി ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം തന്നെ സ്വപിതാവിന്‍റെ കീഴില്‍ തിമില വാദ്യവും അഭ്യസിച്ചുതുടങ്ങിയ അദ്ദേഹം പതിനഞ്ചാം വയസ്സില്‍ അരങ്ങേറ്റം നടത്തി. എന്നാല്‍ പഞ്ചവാദ്യത്തില്‍ കൂടുതല്‍ തല്‍പരനായിരുന്ന തങ്കപ്പന്‍ മാരാര്‍, പഞ്ചവാദ്യകുലപതി അന്നമട അച്യുതമാരാരുടെ ശിഷ്യത്വത്തില്‍ പ്രഗല്‍ഭനായ പഞ്ചവാദ്യകലാകാരനായി മാറി. ഇപ്പോള്‍, ഉത്രാളിക്കാവ്, കരുവന്തല, നെല്ലുവായ്, മുല്ലക്കല്‍, വരാക്കര, വേലുപ്പിള്ളി തുടങ്ങിയ പ്രശസ്തമായ പൂരങ്ങള്‍ക്ക് പഞ്ചവാദ്യത്തിന്‍റെ പ്രാമാണിത്വം വഹിക്കുന്നത് തങ്കപ്പന്‍ മാരാരാണ്.
തികഞ്ഞ അര്‍പ്പണബോധത്തിന്‍റെയും കലാവൈഭവത്തിന്‍റെയും സാക്ഷ്യമെന്നോണം നിരവധി പുരസ്ക്കാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്. പാറമേക്കാവ് ദേവസ്വം, ഉത്രാളിക്കാവ് വടക്കാഞ്ചേരി വിഭാഗം, ഞാങ്ങാട്ടിരി ക്ഷേത്രം, വരവൂര്‍ പാലയ്ക്കല്‍, പെരിങ്ങോട്ടുകര കാനാടി ദേവസ്ഥാനം എന്നിവിടങ്ങളില്‍ നിന്നും സുവര്‍ണ്ണമുദ്ര, വെള്ളാറ്റഞ്ഞൂര്‍ ശങ്കരന്‍ നമ്പീശന്‍ സ്മാരക പ്രഥമ അവാര്‍ഡ്, ചോറ്റാനിക്കര നാരായണമാരാര്‍ ട്രസ്റ്റിന്‍റെ “വാദ്യകലാരത്ന” പുരസ്കാരം എന്നിവ അവയില്‍ ചിലത് മാത്രമാണ്.
വാദനത്തിലെ ഘടനാപരമായ കെട്ടുറപ്പിലും ഘനസൌഷ്ഠവതയിലും എന്നെന്നും ശ്രദ്ധ ചെലുത്തുന്ന തങ്കപ്പന്‍ മാരാരുടെ “കൊട്ടിത്തിമിര്‍ക്കുന്ന” ശൈലി ആസ്വാദകര്‍ക്ക് ഏറെ ഹരം പകരുന്നതാണ്. കലയോടുള്ള അടങ്ങാത്ത അഭിനിവേശവും, പെരുമാറ്റത്തിലെ വിനയഭാവവും സഹ കലാകാരന്മാരോടുള്ള ബഹുമാനവും അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളാണ്.
സിംഗപ്പൂരിന്‍റെ മണ്ണില്‍ ആദ്യമായി അരങ്ങേറുന്ന പൂരം മഹോത്സവത്തിലെ പഞ്ചവാദ്യത്തില്‍ തങ്കപ്പന്‍ മാരാര്‍ തന്‍റെ സ്വതസിദ്ധശൈലിയില്‍ ആസ്വാദകര്‍ക്ക് ഒരു നവ്യാനുഭൂതി സമ്മാനിക്കുമെന്നതില്‍ സംശയമില്ല..
“സിംഗപ്പൂര്‍ പൂരം” -കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: http://www.singaporepooram.com/