പ്രവാസികള്‍ക്ക് തിരിച്ചടി; കുട്ടികളുടെ വിമാന ടിക്കറ്റിന് നല്‍കിയിരുന്ന നിരക്കിളവ് ഒഴിവാക്കുന്നു?

0

ദുബായ്: കുട്ടികളുടെ വിമാന ടിക്കറ്റുകള്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കിയിരുന്ന നിരക്കിളവ് പിന്‍വലിച്ചതായി ആക്ഷേപം. കമ്പനിയുടെ പുതിയ വെബ്‍സൈറ്റില്‍ ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കുമ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓരേ നിരക്കാണ് കാണിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്‍തവര്‍ക്കും ഒരേ നിരക്കില്‍ തന്നെയാണ് പണം നല്‍കേണ്ടി വന്നതെന്ന് അനുഭവസ്ഥര്‍‍ പറയുന്നു.

ബജറ്റ് എയര്‍ലൈനുകളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുട്ടികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിച്ചിരുന്നത്. കുടുംബത്തോടൊപ്പം വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്ക് ഈ നിരക്ക് ഇളവ് വലിയ ആശ്വാസമായിരുന്നു. സാധാരണ ഗതിയില്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് പത്ത് ശതമാനത്തോളം കുറവായിരുന്നു കുട്ടികളുടെ വിമാന ടിക്കറ്റിന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്‍തവരെല്ലാം നല്‍കേണ്ടി വന്നത് ഒരേ നിരക്കും. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും ടിക്കറ്റ് ബുക്കിങുകള്‍ ഒരു പ്ലാറ്റ്ഫോമിലൂടെ ആക്കി മാറ്റുന്നതിന്റെ ഭാഗമായി ബുക്കിങ് വെബ്‍സൈറ്റ് പരിഷ്കരിച്ചിരുന്നു. ഇതിന് ശേഷമാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ നിരക്ക് തന്നെ ടിക്കറ്റിന് ഈടാക്കുന്നത്.

യുഎഇയിലെ ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് അവസാനിപ്പിച്ചിരുന്നു. ഇതോടെ ആഴ്ചയില്‍ 2200 സീറ്റുകളുടെ കുറവാണ് ഈ സെക്ടറിലുണ്ടാവുന്നത്. ഇതിന് പിന്നാലെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കുട്ടികളുടെ കുറഞ്ഞ നിരക്ക് എടുത്തുകളഞ്ഞത്.